ന്യൂഡല്‍ഹി|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (16:17 IST)
കശ്‌മീരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ജമ്മു കശ്‌മീരിലെ മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്‌താവനകളുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം കേസെടുത്തത്.
124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവയാണ് കശ്‌മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവുമായ വിദ്യാര്‍ഥിനിക്കെതിരെ പരാതി നല്‍കിയത്.
ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്‌തതിന് പിന്നാലെ ഷെഹ്‌ല നടത്തിയ വിവാദമായ പതിനെട്ടോളം ട്വീറ്റുകളാണ് വിവാദമായത്. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും കശ്‌മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.
ക്രമസമാധാന പാലനത്തില്‍ കശ്മീര്‍ പൊലീസിന് അധികാരമില്ലാത്ത അവസ്ഥയാണെന്ന് ജനങ്ങള്‍ പറയുന്നതായി ഷെഹ്‌ല ആരോപിച്ചു. എല്ലാം സൈന്യത്തിന്റെ കൈകളിലാണെന്നാണ് ജനം പറയുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
സൈന്യം വീടുകളിൽ അനധികൃതമായി പരിശോധന നടത്തുകയാണെന്നും ഇന്ത്യൻ ആർമി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാൽ തെളിവു നൽകാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു.