ഒപി‌എസ് കരുത്താര്‍ജിക്കുന്നതില്‍ ചിന്നമ്മയ്ക്ക് ആശങ്കയോ ?; നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

തീരുമാനം വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

ചെന്നൈ| സജിത്ത്| Last Updated: ശനി, 11 ഫെബ്രുവരി 2017 (14:38 IST)
തമിഴ്‌നാട് മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് കത്തയച്ചു. തമിഴ്‌നാടിന്റെ നന്‍മയെ കരുതി വേഗം നടപടി വേണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് അവസരം നൽകണമെന്നും കത്തിൽ ശശികല ആവശ്യപ്പെട്ടിട്ടുണ്ട്.

പനീര്‍ശെല്‍വം രാജിവെച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനും അവര്‍ സമയം ചോദിച്ചിട്ടുണ്ട്. കൂടുതൽ നേതാക്കൾ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൂറുമാറുന്ന സാഹചര്യത്തിലാണ് ശശികലയുടെ നീക്കം. ശശികലയുടെ കൂടെയുണ്ടായിരുന്ന വിദ്യാഭ്യാസമന്ത്രി കെ പാണ്ഡ്യരാജൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയത്.

കത്ത് അയച്ചതിനു പിന്നാലെ ഗവർണർക്കെതിരെയുള്ള പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തി. ‘‘ഒരുപാട് വെല്ലുവിളികൾ നേരിട്ട വ്യക്തിയാണ് ജയലളിത. ഇപ്പോൾ നമ്മൾ വെല്ലുവിളികൾ നേരിടേണ്ട സമയമാണ്. ഭരണഘടനയിൽ വിശ്വാസമുള്ളതുകൊണ്ടുമാത്രമാണ് ഇപ്പോളും ക്ഷമയോടെയിരിക്കുന്നത്. എന്നാൽ ആ ക്ഷമയ്ക്കും പരിധിയുണ്ട്. അതുകഴിഞ്ഞാൽ ആവശ്യമായതെന്താണോ അതു ചെയ്യുമെന്നും ശശികല പറഞ്ഞു.

എല്ലാ എംഎൽഎമാരും ഒന്നിച്ചുനിൽക്കണം. മറ്റുള്ള ആളുകളും അധികം താമസിയാതെ നമ്മോടൊപ്പം ചേരും. എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. സർക്കാരിനെയും പാർട്ടിയേയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നൽകിയിട്ടാണ് അമ്മ യാത്രയായതെന്നും ശശികല പ്രവർത്തകരോടായി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :