എസ് പി കൂടുതൽ പ്രതിസന്ധിയിലേക്ക്; രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി, അഖിലേഷിന്റെ പുതിയ പദവി ചട്ടവിരുദ്ധമെന്ന് മുലായം

സമജ്‌വാദ് പാർട്ടി എങ്ങോട്ട്?

aparna shaji| Last Modified ഞായര്‍, 1 ജനുവരി 2017 (15:21 IST)
യു പിയിൽ സമാജ്‌വാദി പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കുടുംബപ്പോരും ചേരിതിരിവും നിലനിൽക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ദേശീയ അധ്യക്ഷനായി അഖിലേഷിനെ തിരഞ്ഞെടുത്തത് ചട്ടവിരുദ്ധമെന്ന് അഖിലേഷിന്റെ പിതാവും നിലവിലെ അധ്യക്ഷനുമായ മുലായം സിങ് യാദവ് വ്യക്തമാക്കി.

അഖിലേഷ് പക്ഷത്തെ പ്രമുഖനും മുലായത്തിന്റെ പിതൃസഹോദര പുത്രനുമായ രാംഗോപാൽ യാദവ് ലക്നൗവിൽ വിളിച്ചുചേർത്ത പാർട്ടി ദേശീയ കൺവൻഷനിലായിരുന്നു അഖിലേഷിനെ പദവിയിലേക്ക് ഉയർത്തിയത്. എന്നാൽ, ഇതിനുപിന്നാലെ രാംഗോപാൽ യാദവിനെ എസ് പിയിൽ നിന്നും വീണ്ടും പുറത്താക്കി.
രാംഗോപാൽ യാദവിനെ വീണ്ടും പാർട്ടിയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ച മുലായം, ഇപ്പോൾ ചേർന്ന ദേശീയ കൺവൻഷൻ അസാധുവാണെന്നും വ്യാഴാഴ്ച ജനേശ്വർ മിശ്ര പാർക്കിൽ ദേശീയ കൺവൻഷൻ ചേരുമെന്നും അറിയിച്ചു.

ശിവ്പാലും അഖിലേഷുമായുള്ള അധികാരത്തർക്കമായിരുന്നു പാർട്ടിയിൽ വഴക്കിനു വെടിമരുന്നിട്ടത്. മുലായം സഹോദരനെ പിന്തുണച്ചതോടെ അത് കുടുംബവഴക്കാകുകയായിരുന്നു. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അഖിലേഷിനെ ആറുവർഷത്തേക്ക് മുലായം പാർട്ടിയിൽനിന്നു പുറത്താക്കിയത്. രാംഗോപാൽ യാദവിനെയും പുറത്താക്കിയിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എ മാരും അഖിലേഷിനൊപ്പമാണെന്നു ബോധ്യമായതോടെ ഇരുവരെയും തിരിച്ചെടുക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :