കാവി ഭീകരത വീണ്ടും? ഗുജറാത്തില്‍ നിന്ന് മുസ്ലീങ്ങളെ പുറത്താക്കുന്നു...!

ഭാവന്‍നഗര്‍| VISHNU N L| Last Updated: ബുധന്‍, 8 ഏപ്രില്‍ 2015 (20:03 IST)
വംശീയ കലാപത്തിന്റെ മുറിവുകള്‍ പേറുന്ന ഗുജറാത്തില്‍ സംഘപരിവാര്‍ ഭീഷണികളില്‍ നിന്ന് ഇനിയും ന്യൂനപക്ഷങ്ങള്‍ രക്ഷപ്പെട്ടിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഗുജറാത്തില്‍ ഹിന്ദുക്കള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ സമ്മര്‍ദ്ദത്തിലൂടെ ഒഴിവാക്കുന്നതായും മുസ്ലീങ്ങള്‍ക്ക് ഭൂമി നല്‍കാതിരിക്കുകയും ചെയ്യുന്നതായാണ് വാര്‍ത്തകള്‍. ഗുജറാത്തിലെ ഭാവന്‍ നഗറില്‍ നിന്നും ഒരു മുസ്ലിം ബിസിനസുകാരനെ തീവ്ര ഹിന്ദു സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തി പുറത്താക്കിയതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

അലിസഗര്‍ സാവേരി എന്ന മുസ്ലിം യുവാവിനെ അയാള്‍ വിലക്കുവാങ്ങിയ ബംഗ്ലാവ് നിര്‍ബന്ധ പൂര്‍വ്വം വില്‍പ്പന നടത്തിച്ച് ഭാവന്‍ നഗറില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം.
വി എച് പി, ആര്‍ എസ് എസ് എന്നീ സംഘടനകളാണ് ഇയാളെ ഇവിടെ നിന്ന് പുറത്താക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മ സ്ഥലമാണ് ഭാവന്‍ നഗര്‍. മോഡി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്‌ സാവേരി പ്രദേശത്ത്‌ ബംഗ്ലാവ്‌ വാങ്ങിയത്. എന്നാല്‍ ഇയാള്‍ സ്ഥലം വാങ്ങിയതിനു പിന്നാലെ പ്രദേശത്ത്‌ പ്രതിഷേധങ്ങളും ശക്‌തമായി.

മുസ്ലീം സമുദായത്തിന്റെ ആഹാര രീതികള്‍ തങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു എന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍. കൂടാതെ സാവേരിയുടെ നേതൃത്തത്തില്‍ കൂടുതല്‍ മുസ്ലീം കുടുംബങ്ങള്‍ പ്രദേശത്ത്‌ താമസത്തിനായി എത്തിയേക്കുമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌. സംഭവം വിവാദമാകുന്നതിനു മുമ്പേ അലിസഗര്‍ സാവേരിയെ നിര്‍ബന്ധിച്ച് സ്ഥലത്തിന്റെ കച്ചവടം നടത്തിക്കുകയായിരുന്നു. 2014 ഡിസംബര്‍ 30നായിരുന്നു കച്ചവടം നടന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഇപ്പോളാണെന്നു മാത്രം.എന്നാല്‍ സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ ഇതുവരെ അലിസഗര്‍ സാവേരി തയ്യാറായിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :