ഒരു കോടിയോളം പ്രവാസികള്‍ക്ക് വോട്ടവകാശം: റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (08:30 IST)
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ വോട്ടുചെയ്യാന്‍ അവസരം ലഭിക്കുന്നത് ഒരുകോടിയോളം പേര്‍ക്ക്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സ്വന്തമായും അല്ലെങ്കില്‍ പ്രതിനിധിയെവച്ചും വോട്ടുചെയ്യാം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 31ന് കേസ് പരിഗണിക്കുമ്പോള്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി കണക്കിലെടുക്കും.

ഇ മെയില്‍ വഴി ഇലക്‌ട്രോണിക് ബാലറ്റ് പേപ്പര്‍ അയച്ചുകൊടുത്ത് നിശ്ചിത സമയത്തിനുള്ളില്‍ വോട്ടുരേഖപ്പെടുത്തി മടക്കിവാങ്ങുകയെന്നതാണ് റിപ്പോര്‍ട്ടിലെ ഒന്നാമത്തെ നിര്‍ദ്ദേശം. ഇലക്‌ട്രോണിക് ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് പ്രതിനിധിയെ വച്ച് വോട്ട് രേഖപ്പെടുത്താമെന്നതാണ് രണ്ടാമത്തേത്. പ്രവാസികള്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്ത പോളിംഗ് ബൂത്തില്‍ വേണം പ്രതിനിധി വോട്ട് ചെയ്യേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നെറ്റ് വോട്ടിംഗും എംബസിയില്‍ പോയി വോട്ട് രേഖപ്പെടുത്തുന്ന കാര്യവും പരിശോധിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആറ് ദേശീയ പാര്‍ട്ടികളുടെ നിലപാടുകള്‍ കണക്കിലെടുത്താണ് അന്‍പത് പേജുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ തയ്യാറാക്കിയത്.

തപാല്‍വോട്ട് ചെയ്യാന്‍ അവകാശമുള്ളവരെക്കുറിച്ച് നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ളതിനാല്‍ ഇലക്‌ട്രോണിക് വോട്ടിംഗിന്റെ സാധ്യത പരിശോധിക്കാന്‍ സുപ്രീംകോടതി കമ്മിഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :