സ്ത്രീപീഡനം കൂടുന്നതില്‍ പോണ്‍ വീഡിയോകള്‍ക്ക് പങ്കെന്ന്

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (18:23 IST)
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പോണ്‍ വീഡിയോകള്‍ക്ക് പങ്കുണ്ടെന്ന് ചലച്ചിത്ര സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്. സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

ഇത്തരം വീഡിയോ കാസറ്റുകള്‍ പണ്ട് കാണണമായിരുന്നെങ്കില്‍ പത്തുപ്രാവശ്യമെങ്കിലും ആലോചിക്കുമായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തും മറ്റും യുവാക്കള്‍ രഹസ്യമായിട്ടായിരുന്നു ഇത്തരം വീഡിയോകള്‍ കണ്ടിരുന്നത്. എന്നാല്‍
ഇന്ന് രീതി മാറി. ഏത് കൊച്ചുകുട്ടിക്കും അവന്റെ സ്വകാര്യതയില്‍ ഇങ്ങനെയുള്ള ചിത്രം കാണാം. ഇതിലൂടെ
ചെറുപ്പത്തിലേ തന്നെ സ്ത്രീകളെക്കുറിച്ച് തെറ്റായ ചിന്ത ആണ്‍കുട്ടികളുടെ മനസ്സില്‍ വളരുന്നെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചതിന് എതിരെ പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും രംഗത്തെത്തി. താലിബാനും ഐ എസും സ്വാതന്ത്ര്യത്തിന് മേല്‍ നടത്തുന്ന കയ്യേറ്റം പോലെയാണ് പോണ്‍ നിരോധനവുമെന്ന് രാമു പറഞ്ഞു. റോഡില്‍ വണ്ടിയോടിക്കുന്നത് കാരണം അപകടങ്ങള്‍ ഉണ്ടാകുന്നു എന്ന് കരുതി വണ്ടിയോടിക്കുന്നത് നിര്‍ത്തുമോ എന്നും രാമു ചോദിക്കുന്നു.

ഇതിനിടെ, പോണ്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയില്‍ ഇനി ലൈംഗിക അക്രമങ്ങള്‍ കൂടുകയോ കുറയുകയോ എന്ന് കാത്തിരുന്ന് കാണാമെന്ന് ഉദയ് ചോപ്ര ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റില്‍ അശ്ലീല വീഡീയോ കണ്ട നേതാക്കളുടെ പാര്‍ട്ടി തന്നെയാണ് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് എന്നതാണ് തമാശയെന്ന് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :