രാജീവ് ഗാന്ധി ഘാതകര്‍ക്ക് തൂക്കുകയറില്ല, ജീവപര്യന്തം ശരിവച്ചുകൊണ്ട് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (13:22 IST)
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായ ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കിയത് സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വിധി.

നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ഇതോടെ ഇവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മൂന്നു പേരെ കൂടാതെ കേസിലെ മറ്റു പ്രതികളും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദർ എന്നിവരെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി ഇടപെട്ട് ഈ നീക്കം തടഞ്ഞു.

പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. പ്രതികൾ യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും അതിനാൽ തന്നെ വധശിക്ഷ പുന:സ്ഥാപിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ ശ്രീലങ്കല്‍ എല്‍ടിടിഇ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സമാധാന ദൗത്യസംഘം ഇടപെട്ടതിലുള്ള പ്രതികാര നടപടിയായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :