മന്‍‌മോഹന് നല്‍കിയ അത്താഴവിരുന്നില്‍ രാഹുല്‍ ഗാന്ധി വിട്ടുനിന്നു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 15 മെയ് 2014 (08:55 IST)
പത്ത് വര്‍ഷം രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നല്‍കിയ വിരുന്നില്‍നിന്ന് രാഹുല്‍ ഗാന്ധി വിട്ടു നിന്നു. സോണിയയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ ജന്‍പഥിലാണ് പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കിയത്. സല്‍മാന്‍ ഖുര്‍ഷിദ്,​ സുശീല്‍ കുമാര്‍ ഷിന്‍ഡേ,​ പി ചിദംബരം,​ എന്നിവര്‍ ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്ര്സ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം അത്താഴ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നുള്ള കാര്യം നേരത്തെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം രണ്ട് ദിവസങ്ങള്‍ക്കപ്പുറം പുറത്ത് വരാനിരിക്കേ പ്രധാനമന്ത്രി വ്യാഴാഴ്ച തന്റെ ഔദ്യോഗിക വസതിയോട് വിട പറയും. 17ന് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറും. തുടര്‍ന്നുള്ള കാലം വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് 81കാരനായ മന്‍മോഹന്‍ നേരത്തെ അറിയിച്ചിരുന്നു.

അത്താഴ വിരുന്നില്‍ നിന്നും രാഹുല്‍ഗാന്ധി വിട്ടു നിന്നതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കുന്പോഴും രാഹുലിന്റെ അസാന്നിദ്ധ്യം ഇതിനോടകം തന്നെ വാര്‍ത്താപ്രധാന്യം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :