രാഹുല്‍ മുങ്ങിയതല്ല;യു‌എസിലുണ്ട്, ചിത്രങ്ങള്‍ പുറത്തുവന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (13:33 IST)
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു‌‌എസ് സന്ദര്‍ശന വിവാദം കൊടുമ്പിരികൊണ്ടിരിക്കെ താന്‍ കോളറാഡോയിലെ ആസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരു സ്വകാര്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ രാഹുല്‍ ട്വിറ്റര്‍ വഴി പുറത്തുവിട്ടു. ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ച് രസകരമായ ചര്‍ച്ചകളാണ് നടന്നതെന്ന കുറിപ്പോടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍ ഇത് ഏത സമ്മേളനത്തിന്റേതാണെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമല്ല. അതേസമയം രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോയത് ആസ്‌പെനില്‍ ചാര്‍ലി റോസ്‌ കോണ്‍ഫ്രണ്‍സില്‍ പങ്കെടുക്കുന്നതിനാണ്‌ കോണ്‍ഗ്രസ്‌ വിശദീകരണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമ്പോഴും ഈ പരിപാടി ജൂണ്‍ 25നും ജൂലൈ 4നും ഇടയ്‌ക്ക് നടന്നതായി പരിപാടിയുടെ സംഘാടകര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കെയാണ് രാഹുല്‍‌ഗാന്ധി പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് രാഹുല്‍ അപ്രത്യക്ഷമായതില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ജെഡിയുവും ആര്‍ജെഡിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :