പൊങ്കല്‍ ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവം; ജെല്ലിക്കെട്ട് വിലക്കിയ ദു:ഖത്തില്‍ തമിഴ്‌മക്കള്‍

ചെന്നൈ| Sajith| Last Updated: വ്യാഴം, 14 ജനുവരി 2016 (18:04 IST)
ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി മകരമാസം മൂന്നാം തിയതിയാണ് ഇത് അവസാനിക്കുന്നത്. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. തമിഴരുടെ ഏറ്റവും പ്രസിദ്ധമായ ആഘോഷമാണ് പൊങ്കൽ.

വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ബോഗി പൊങ്കൽ: ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗഴിയുടെ അവസാനദിവസം ബോഗി എന്നറിയപ്പെടുന്നു. വീടുകള്‍ വൃത്തിയായി അലങ്കരിച്ചും പുതിയ വീട്ടുസാമാനങ്ങള്‍ വാങ്ങിയും ആളുകള്‍ ബോഗി ആഘോഷിക്കുന്നു.

തൈപ്പൊങ്കല്‍ അഥവാ പെരുംപൊങ്കല്‍ : രണ്ടാം ദിവസമാണ് പെരും പൊങ്കല് (തൈപ്പൊങ്കൽ). അന്ന് പൂജയുണ്ടാകും. വർണ്ണാഭമായ കോലം മുറ്റത്തൊരുക്കുന്നു. വീടിന് പുറത്ത് അടുപ്പു കൂട്ടി അരി പാലിൽ വേവിക്കും. ഈ സ്ഥലത്തും കോലമിടും.
അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിന് ഉപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക.

മാട്ടുപൊങ്കൽ: കർഷകരാണ് ഭക്തി നിർഭരമായി മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ് കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു.

ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം. ചില സ്ഥലങ്ങളില്‍ മാട്ടുപൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തിയിരുന്നു.

കാണും പൊങ്കൽ : നാലാം ദിവസമാണ് കാണും പൊങ്കൽ ആഘോഷിക്കുന്നത്. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും കോലാട്ടം, കുമ്മിയാട്ടം പോലുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :