മോഡിയുടെത് ചൂതാട്ടത്തിന് സമാനമായ നീക്കം; കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിച്ചേക്കും; പക്ഷേ, സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല: നോട്ട് പിന്‍വലിക്കലില്‍ മോഡിക്കെതിരെ ചൈന

നോട്ട് പിന്‍വലിക്കലില്‍ മോഡിക്കെതിരെ ചൈന

ബീജിംഗ്| Last Modified ശനി, 26 നവം‌ബര്‍ 2016 (16:07 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി ചൂതാട്ടത്തിന് സമമാണെന്ന് ചൈന. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് നോട്ട് പിന്‍വലിക്കലിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെത് ചൂതാട്ടത്തിന് സമാനമായ നീക്കമാണെന്നും ഇത് പുതിയ കീഴ്വഴക്കങ്ങള്‍ കാരണമാകുമെന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു.

മോഡിയുടെ തീരുമാനം ധീരമാണ്. പദ്ധതി വിജയിച്ചാലും ഇല്ലെങ്കിലും അഴിമതി തടയുന്നതില്‍ ഇത് എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തെക്കുറിച്ച് ചൈനയ്ക്ക് പഠിക്കണം. ചൈനയില്‍ ഇത് നടപ്പാക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ സാധിക്കില്ലെന്നും എഡിറ്റോറിയലില്‍ പത്രം പറയുന്നു.

കറന്‍സി ഉപയോഗിച്ചുള്ളതാണ് ഇന്ത്യയില്‍ 90 ശതമാനം ഇടപാടുകളും. അതുകൊണ്ടുതന്നെ, രാജ്യത്തെ 85 ശതമാനം കറന്‍സിയും പിന്‍വലിക്കുമ്പോള്‍ അത് ജനജീവിതത്തെ ബാധിക്കും. കള്ളപ്പണത്തെയും അഴിമതിയെയും അടിച്ചമര്‍ത്താന്‍ നീക്കം സഹായിക്കുമെങ്കിലും ഇതുമൂലം ഉണ്ടായ സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ വരുമെന്നും പത്രം പറയുന്നു.

ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്ന നീക്കമാണ് മോഡി നടത്തിയത്. മോഡിയുടെ നീക്കം നല്ല ഉദ്ദേശത്തോടു കൂടിയാണ്. എങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തും ജനങ്ങളുടെ സഹകരണവും അനുസരിച്ച് മാത്രമേ വിജയിക്കൂ. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനുള്ള ശേഷിയെ ഇന്ത്യന്‍ ജനത സംശയിച്ച് തുടങ്ങിയെന്നും പത്രം നിരീക്ഷിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :