സ്മൃതി ഇറാനിക്ക് മുഖ്യമന്ത്രിയുടെ മറുപടി; ഭീഷണി വേണ്ട, കലാപം നടത്താൻ അനുവദിക്കില്ലെന്ന് പിണറായി വിജയൻ

അപർണ| Last Modified ഞായര്‍, 6 ജനുവരി 2019 (17:35 IST)
യുവതി പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ട സംഘപരിവാർ പ്രവർത്തകർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരാധനയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യതയാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവരുടെ ശ്രമം നടക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തിയവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണഘടനാപരമായി തിരിച്ചടിക്കുമെന്നായിരുന്നു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്‍റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസ്സും തന്നെയാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയും ആര്‍.എസ്.എസ്സും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല.

ആരാധനയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യതയാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിചിത്രമാണ്. ഭരണാഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഭരണഘടനാ വിരുദ്ധം. ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെയ്യേണ്ടത്.

സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിന്‍റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സി.പി.ഐ.എം, സിപിഐ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വീടുകളും പലയിടത്തും ആക്രമണത്തിനിരയായി.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ ആക്രമണങ്ങളുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും തല്ലിത്തകര്‍ത്തു. തെരഞ്ഞുപിടിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെ.പി സംസ്ഥാന നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുന്ന സ്ഥിതിയുണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടിന്‍റേയും മറ്റും വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുന്നത്.

സംസ്ഥാനത്താകെ 1800 ഓളം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളില്‍ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ആരാണ് യഥാര്‍ത്ഥ അക്രമികളെന്ന് ബോധ്യമാകും. നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെ ആര്‍.എസ്.എസ്. നേതാവ് ബോംബ് എറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുളള ഗൂഢാലോചനയും ഇതിന്‍റെ ഭാഗമായി നടന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ നടക്കില്ല. അക്രമങ്ങളെയും വര്‍ഗ്ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തും. അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കര്‍ശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു തരത്തിലുളള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണ് സംഘപരിവാര്‍ നോക്കുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :