അസഹിഷ്‌ണുത ചര്‍ച്ചയാകും; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം

  അസഹിഷ്‌ണുത , ശൈത്യകാല സമ്മേളനം , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (08:32 IST)
അസഹിഷ്‌ണുത വിവാദം കത്തിനില്‍ക്കെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കമാകും. ഭരണ ഘടന ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളാകും ആദ്യ രണ്ടു ദിവസം ഇരു സഭകളിലും നടക്കുക. സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി എല്ലാവരും സഹകരിക്കണമെന്ന് സ്‌പീക്കര്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനും ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതിനും പ്രതിപക്ഷം ക്രിയാത്മകമായി സഹകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയെങ്കിലും സഭ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.

ചരക്കു സേവന നികുതി (ജിഎസ്ടി), റിയല്‍ എസ്റേറ്റ് ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങിയവയില്‍ മുന്‍ നിലപാടില്‍നിന്നു മാറ്റമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയതോടെ ഒരു മാസം നീളുന്ന ശീതകാല സമ്മേളനവും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി. അതേസമയം തന്നെ രാജ്യത്തു പടരുന്ന അസഹിഷ്ണുതയെക്കുറിച്ചു മറ്റു നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ്, ജെഡിയു, സിപിഎം അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം ലഭിച്ചത്. ഇതിന്റെ സ്മരണാര്‍ത്ഥം ഇന്നും നാളെയും അംബേദ്കര്‍ അനുസ്മരണ ചര്‍ച്ചകളായിരിക്കും ഇരു സഭകളിലും നടക്കുക. അസഹിഷ്ണുത വിഷയത്തില്‍ മൂന്നാം ദിനം മുതല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നീക്കം ഊര്‍ജ്ജിതമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :