കൊഴുപ്പ് കൂട്ടാന്‍ കവര്‍ പാലില്‍ സോപ്പുപൊടിയും മൃഗക്കൊഴുപ്പും; മദർ ഡയറി വിവാദത്തില്‍

ആഗ്ര| VISHNU N L| Last Updated: ബുധന്‍, 17 ജൂണ്‍ 2015 (18:32 IST)
നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള മദർ ഡയറി കവർ പാലിൽ കൊഴുപ്പുകൂട്ടാന്‍ സോപ്പുപോടിയും മൃഗക്കൊഴുപ്പും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഉത്തർപ്രദേശ് ഫുഡ് അഡ്മിനിസ്ട്രേഷനാണ് പാലിലെ മായം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മായം കണ്ടെത്തിയതൊടെ കമ്പനിക്കെതിരെ നിയമനടപടി തുടങ്ങിയതായാണ് സൂചന.

കഴിഞ്ഞ വർഷം ബാഹ് ടെഹ്സിലിലെ രണ്ടു ഡയറികളിൽ നിന്ന് ആഗ്ര ഫുഡ് സേഫ്‌റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.എസ്.ഡി.എ) ശേഖരിച്ച് പരിശോധനയ്ക്കായി കൊൽക്കത്തയിലെ സെൻട്രൽ ഫുഡ് ലബോറിട്ടറിയിലേക്കയച്ച സാമ്പിളുകളിൽ മായം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം എഫ്.എസ്.ഡി.എ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പിളുകളിലൊന്നിൽ സോപ്പുപൊടിയുടെ അംശവും മറ്റൊന്നിൽ ഗുണനിലവാരം കുറഞ്ഞ മറ്റൊരു മൃഗത്തിന്റെ കൊഴുപ്പും കണ്ടെത്തിയതായാണ് ആരോപണം. മുമ്പ് മീററ്റ് ഫുഡ് ലബോറിട്ടറിയിൽ നടന്ന പരിശോധനയിൽ ഇതേ സാമ്പിളുകളിൽ മായം കണ്ടെത്തിയിരുന്നു.

മായം കണ്ടെത്തിയതിനെ തുടർന്ന് ഷാഹ്പൂർ പ്ലാന്റിന്റെ ലൈസൻസ് റദ്ദാക്കാനും ഗജൗരാഹ പ്ലാന്റിന് അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്താനുമുള്ള നടപടിക്രമം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 പ്രകാരം കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. അതേസമയം കർശനമായ ഇരുപത്തിമൂന്നോളം പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് ഓരോ പാൽ ടാങ്കറുകളും സംസ്ക്കരണത്തിന് തയ്യാറാകുന്നത്. ഈ പരിശോധനകളിൽ മായം കണ്ടെത്തിയ പാൽ പിന്നീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താറുണ്ടെന്ന് മദർ ഡയറി ബിസിനസ് ഹെഡ് സന്ദീപ് ഘോഷ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :