മോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയം

ബിജെപിക്ക് അടിപതറുന്നു?

അപര്‍ണ| Last Modified വെള്ളി, 16 മാര്‍ച്ച് 2018 (10:30 IST)
അധികാരത്തിലേറിയതിന് ശേഷം മോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയ നോട്ടീസ്. വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും ആണ് മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. നോട്ടീസിനു അനുമതി കിട്ടണമെങ്കില്‍ അമ്പതു അംഗങ്ങളുടെ പിന്തുണ വേണം.

ടിഡിപിക്കു ലോക്‌സഭയില്‍ 16 അംഗങ്ങളുണ്ട്. വൈ എസ് ആര്‍ കോണ്‍ഗ്രസിനു ലോക്‌സഭയില്‍ 9 അംഗങ്ങളാനുള്ളത്. നാലു വര്‍ഷത്തെ ഭരണത്തിനിടെ ഇതാദ്യമായിട്ടാണ് മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നത്.

എന്‍ഡിഎ വിടുകയാണെന്നും പാര്‍ട്ടിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും ടിഡിപി ഇന്ന് അറിയിച്ചിരുന്നു. ലോക്‍സഭയില്‍ ബിജെപിക്കെതിരെ അവിശ്വാസ പ്രമേയം വരികയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

ഇന്നലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഢി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു. പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :