കുങ്കുമം അണിഞ്ഞ എല്ലാവരും ബിജെപി നേതാക്കളല്ല: നിതിന്‍ ഗഡ്കരി

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (13:18 IST)
കുങ്കുമം അണിഞ്ഞ എല്ലാവരും ബിജെപി നേതാക്കളല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദാദ്രി സംഭവത്തിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പരാമർശങ്ങളെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ സംഘർഷങ്ങൾ ഉളവാക്കുന്ന തരത്തിൽ ആരെങ്കിലും പരാമർശം നടത്തിയാൽ അതൊരിക്കലും ബിജെപി പിന്തുണയ്ക്കാറില്ല. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാനത്തിൽ ബിജെപി സർക്കാർ ആരെയും വേർതിരിച്ചു കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷൻ ഇക്കാര്യത്തിൽ ഒരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ല.
പാർട്ടിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാമർശം നടത്തിയാൽ അതൊരിക്കലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായമല്ല. ചില സമയത്ത് ബിജെപിക്കു നല്ലത് മൗനം പാലിക്കുന്നതാണ്.
വർഗീയ സംഘർഷങ്ങൾ രാജ്യത്തുണ്ടാകുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ പാക്ക് ഗായകൻ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേന തടഞ്ഞതിനെക്കുറിച്ചും ഗഡ്കരി പരാമർശിച്ചു. പാക്കിസ്ഥാൻ ഭീകരവാദത്തെ വളർത്തുന്നുവെന്നു ജനങ്ങൾ കരുതുന്നുണ്ട്. അങ്ങനെയെങ്കിൽ എതിർപ്പു പ്രകടിപ്പിക്കേണ്ടത് പാക്കിസ്ഥാൻ സർക്കാരിനോടാണെന്നും മറിച്ച് കലയോടായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :