രാജ്യത്ത് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല; അതിന് സാഹചര്യം ഒരുക്കണമെന്ന് ഉദ്യോഗസ്ഥന്‍ മന്ത്രിയോട്

ന്യൂഡല്‍ഹി| joys joy| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (10:09 IST)
രാജ്യത്ത് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതിന് സാഹചര്യം ഒരുക്കണമെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രിയോട് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ആയിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ അജോയ് കുമാറാണ് തനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ അവസരം ഉണ്ടാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് പരസ്യമായി ആവശ്യപ്പെട്ടത്. നന്ദിപ്രസംഗത്തിനിടെ ആയിരുന്നു വിവാദ പരാമര്‍ശം.

താനൊരു ദരിദ്ര ഹിന്ദുവായിരുന്നുവെന്ന് പറഞ്ഞാണ് അജോയ്കുമാര്‍ ന്യൂനപക്ഷമന്ത്രിക്കു നേരെ തിരിഞ്ഞു നിന്നത്. ദാരിദ്ര്യമുള്ള വീട്ടില്‍ നിന്നായിരുന്നിട്ടും കേവലം മൂന്നു രൂപകൊണ്ട് ഒരു ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂളില്‍ പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സദസ്സിലൊരാള്‍ക്കു നേരെ വിരല്‍ ചൂണ്ടിയ അജോയ്കുമാര്‍ തന്റെ കൂടെ അന്ന് കോണ്‍വെന്‍റില്‍ പഠിച്ച ന്യൂനപക്ഷ സമുദായാംഗമാണ് ഈ ഇരിക്കുന്നതെന്നും പറഞ്ഞു. രാജ്യത്ത് നിലനിന്നിരുന്ന സമാധാനപരമായ അന്തരീക്ഷത്തിലാണ് അന്ന് തനിക്ക് പഠിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം
പറഞ്ഞു.

പ്രതിനിധികള്‍ കരഘോഷത്തോടെയാണ് ഈ വാക്കുകള്‍ സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :