ഇത് ദുരിതത്തിന്റെ അഞ്ചാം നാൾ; ഇനി 45 ദിനങ്ങൾ കൂടി!

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ 50 ദിവസം മാത്രമെന്ന്‌ പ്രധാനമന്ത്രി

പനാജി| aparna shaji| Last Modified ഞായര്‍, 13 നവം‌ബര്‍ 2016 (14:21 IST)
500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത് കൊണ്ടുള്ള ജനങ്ങളുടെ ദുരിതങ്ങൾ 50 ദിവസം കൊണ്ട് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രശ്നത്തിന് 50 നാൾകൊണ്ട് പരിഹാരം കാണുമെന്നും മോദി വ്യക്തമാക്കി. ഗോവയിലെ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി വികാരഭരിതനായത്.

എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു, ചിലര്‍ സുഖമായി ഉറങ്ങാന്‍ തുടങ്ങി. തനിക്കെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികളെ തനിക്കറിയാം. 70 വര്‍ഷമായി അനധികൃതമായി സമ്പാദിച്ചതൊക്കെ നഷ്ടപ്പെടുന്നതിന്റെ പരിഭ്രാന്തിയിലാണ് അവര്‍. അവർ എന്നെ നശിപ്പിക്കാൻ ശ്രമിക്കും. എന്നാൽ എനിക്ക് പേടിയില്ല.

പണം പിൻവലിക്കാൻ ജനങ്ങൾ തുടർച്ചയായി ബാങ്കിലേക്ക് പോകേണ്ടതില്ല. ആവശ്യത്തിനുള്ള പണം ബാങ്കുകളിൽ ഉണ്ട്. ആവശ്യത്തിനനുസരിച്ച് ജനങ്ങൾക്കെടുക്കാം. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ന്ത്യയിലുള്ള അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്കും വേദനയുണ്ട്. രാജ്യത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യം ഞാന്‍ കണ്ടിട്ടുണ്ട്, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ധാര്‍ഷ്ട്യം കാണിക്കാനായി ചെയ്ത ഒരു കാര്യമല്ല ഇത്. ബുദ്ധിമുട്ടുകള്‍ സഹിച്ച് പിന്തുണ നല്‍കുന്ന ജനങ്ങളോട് നന്ദിയുണ്ട്. കുപ്രചാരണങ്ങളെ കണക്കിലെടുക്കുന്നില്ല.

ഓഫീസ് കസേരയിൽ വെറുതെ ഇരിക്കാനല്ല താൻ ജനിച്ചതെന്ന് മോദി ജനങ്ങളോട് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യം. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിനും അഴിമതിക്കും എതിരാണ്. നോട്ടുകൾ പിൻവലിച്ചതോടെ ചിലരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും മോദി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :