‘എന്റെ തീരുമാനത്തെ ജനങ്ങള്‍ പിന്തുണച്ചു, നടപടി വിജയകരമാക്കാന്‍ എന്നെ സഹായിക്കുന്നത് ജനങ്ങള്‍’; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നരേന്ദ്ര മോദി

രാജ്യത്തെ പാവപ്പെട്ടവരേയും കര്‍ഷകരേയും ലക്ഷ്യം വെച്ചാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| aparna shaji| Last Modified ഞായര്‍, 27 നവം‌ബര്‍ 2016 (14:08 IST)
നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ വലയുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം വെളുപ്പിക്കുന്നതിന് ചിലര്‍ സാധാരണക്കാരെ ഉപയോഗിക്കുന്നുവെന്നും മോദി മന്‍ കി ബാതിലൂടെ പറഞ്ഞു. രാജ്യ താൽപര്യത്തിനുവേണ്ടിയാണ് നടപടി കൈകൊണ്ടത്. തീരുമാനം എടുത്തപ്പോൾതന്നെ ഇതുമൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു അറിയാമായിരുന്നു. പണമിടപാടുകളിലെ പ്രതിസന്ധികൾ 50 ദിവസത്തിനകം പരിഹരിക്കുമെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ 70 വർഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല. ഇതിനു സമയമെടുക്കും. നോട്ടു അസാധുവാക്കൽ നടപടി വിജയിക്കുമെന്നു ഉറപ്പുണ്ട്. ജനങ്ങൾ എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നറിയാം. ഇതു വിജയകരമാക്കാൻ ജനങ്ങൾ വളരെയധികം സഹായിക്കുന്നുണ്ടെന്നും രാജ്യവ്യാപകം ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവും കര്‍ഷകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്.

നോട്ട് പിന്‍വലിക്കലിന് ശേഷം ജനങ്ങളെ സഹായിക്കാനായി കഠിനാധ്വാനം നടത്തിയ ബാങ്ക് ജീവനക്കാരോട് നന്ദി പറയുന്നു. ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍, സര്‍ക്കാരുകള്‍ എന്നിവയെല്ലാം അര്‍പ്പണത്തോടെ ജോലിചെയ്തു. ഇപ്പോഴും ചിലർ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി തേടുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിന് സാധാരണക്കാരെ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

കറൻസി രഹിത സമൂഹമാണ് തന്റെ ലക്ഷ്യം. ഇതു പൂർണമായും നടപ്പിലാക്കാൻ കഴിയില്ലെന്നറിയാം. അതിനുള്ള ആദ്യപടിയാണ് ഇപ്പോഴത്തെ നീക്കം. കറൻസിയുടെ ഉപയോഗം പതുക്കെ പതുക്കെ കുറച്ച് ഈ ലക്ഷ്യം നേടിയെടുക്കുമെന്നും മോദി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :