അതു ഗര്‍ഭമല്ല.. പിന്നെയോ? കാര്യമറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി

ഹൈദരാബാദ്| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (15:38 IST)
വ്യാജ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് മയക്കുമരുന്ന് പാക്കറ്റുകള്‍ പുറത്തെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ദക്ഷിണാഫ്രിക്ക സ്വദേശിനിയായ മോസിയ മൂസയുടെ വയറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഏഴുമാസം ഗർഭിണിയാണെന്ന് അവകാശപ്പെട്ട് വിമാനത്താവളത്തിലെത്തിയ ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വയടിനുള്ളില്‍ വിഴുങ്ങിയ നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ ചെറിയ പോളിമർ കവറിലാക്കി വിഴുങ്ങുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ദുബായിയിൽ നിന്ന് എമിറേറ്റ്സിന്റെ ഇകെ–526 വിമാനത്തിൽ രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് മോസിയ എത്തിയത്.

നടക്കുവാന്‍ തീരെ ബുദ്ധിമുട്ടുന്നതായി കണ്ടതൊടെ കാര്യമന്വേഷിച്ച ഉദ്യോഗസ്ഥരോട് താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നാണ് മോസിയ പറഞ്ഞത്. തുടർന്ന് അവരെ വിമാനത്താവളത്തിലെ കോർപറേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിശോധനയിൽ അവർ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതൊടെ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു. ഇതോടെ തന്റെ വയറിനുള്ളില്‍ മയക്കുമരുന്ന് പാക്കറ്റുകളാണെന്ന് മോസിയ വെളിപ്പെടുത്തി.

വയറ്റിനുള്ളിൽ നിന്ന് 16 പാക്കറ്റ് മയക്കുമരുന്നാണ് കണ്ടെത്തിയത്. എന്നാൽ ഇവർക്ക് യാതൊരു വിധത്തിലുമുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് എൻസിബി വ്യക്തമാക്കി. മോസിയയിൽ നിന്നു കണ്ടെടുത്ത മയക്കുമരുന്ന് ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ബ്രസീലിൽ നിന്നു കൊണ്ടുവന്ന കൊക്കെയ്നാണിതെന്ന് സംശയിക്കുന്നതായി എൻസിബി വ്യക്തമാക്കി.

ജോഹന്നാസ്ബർഗിൽനിന്ന് ഓഗസ്റ്റ് 23നാണ് മോസിയ ദുബായിൽ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മോസിയ ബ്രസീലിലെ സാവോ പോളോയിലേക്ക് പോയി. തുടർന്ന് 28ന് ദുബായിയിൽ തിരിച്ചെത്തി. പിന്നീട് ഞായറാഴ്ച ഹൈദരബാദിലേക്കും യാത്ര ചെയ്യുകയായിരുന്നുവെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :