അറിവിന്റെ കേദാരമാകാന്‍ നളന്ദ പുനര്‍ജനിച്ചു

നളന്ദ യൂണിവേഴ്സിറ്റി, ഏഷ്യ, ഗുപ്ത സാമ്രാജ്യം
പട്ന| VISHNU.NL| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (14:18 IST)
പൗരാണിക ഭാരതത്തിന്റെ അഭിമാനമായിരുന്ന നളന്ദ യൂണിവേഴ്സിറ്റി പുനര്‍ജ്ജനിക്കുന്നു. 2006ല്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം മുന്നോട്ട് വച്ച ആശയമാണ് ഇപ്പോള്‍ നടപ്പിലാകുന്നത്. ബീഹാറിലെ പട്നയില്‍ നിന്ന് 70 കി മീ അകലെ രാജ്ഗീറില്‍ ആയിരം ഏക്കറില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്ന സര്‍വകലാശാല ഇനി ഏഷ്യയിലെ 16 രാജ്യങ്ങള്‍ക്ക് സ്വന്തമായ ഒരു സര്‍വകലാശാല ആയിരിക്കും.

പാര്‍ലമെന്റ് പാസാക്കിയ നളന്ദാ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് സര്‍വകലാശാല നിലവില്‍ വന്നിരിക്കുന്നത്. സാന്പത്തിക വിദഗ്ദ്ധനായ അമാര്‍ത്യ സെന്‍ ആണ് സര്‍വകലാശാലയുടെ ഭരണസമിതി ചെയര്‍മാന്‍.
മുന്‍ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് യോ, വിദേശകാര്യ സെക്രട്ടറി അനില്‍ വാദ്‌വ എന്നിവരുള്‍പ്പടെ
വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ അധ്യാപകരാണ് ഭരണസമിതി അംഗങ്ങള്‍.

ആദ്യ ക്ലാസുകള്‍ നാളെ ആരംഭിക്കും. 15 വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചിലുള്ളത്. 10 അദ്ധ്യാപകരും നളന്ദയിലുണ്ട്. നളന്ദയുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബറില്‍ ഉണ്ടാകുമെന്ന് കരുതുന്നു .2020 ഓടെ പദ്ധതി പൂര്‍ണമാക്കാന്‍ സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപാ സബര്‍വാള്‍ പറഞ്ഞു.
സെപ്തംബര്‍ 14ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സര്‍വകലാശാല സന്ദര്‍ശിക്കുന്പോള്‍ വിപുലമായ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതായും വിസി അറിയിച്ചു

ലോകമെങ്ങും നിന്ന് ആയിരക്കണക്കിനു അപേക്ഷകളാണ് നളന്ദയിലെത്തുന്നതെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രം സ്വീകരിച്ചു പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യാ ഗവണമെന്റും 8 കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും സംയുക്തമായാണ് നളന്ദയുടെ നിര്‍മ്മാണം നടത്തിയത്.

ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയിരുന്ന നളന്ദയെ ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെന്‍ഷ്യല്‍ സര്‍വകലാശാലയായാണ് കണക്കാക്കുന്നത്. ഹിന്ദു മത ,ബുദ്ധമത ,സംസ്കൃത വൈജ്ഞാനികകേന്ദ്രമായിരുന്ന സര്‍വകലാശാല ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തനാണ് പണികഴിപ്പിച്ചത്.

ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാര്‍ത്ഥികളും
താമസിച്ച് പഠിച്ചിരുന്ന
സര്‍വകലാശാല 427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വര്‍ഷക്കാലത്തോളം പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ വിദ്യാഭ്യാസം സൗജന്യമായിരുന്നു.

1193-ല്‍ മുഗള്‍ ആക്രമണകാരി ആയ ബക്തിയാര്‍ ഖില്‍ജി നളന്ദാ സര്‍വകലാശാലാസമുച്ചയം ആക്രമിക്കുകയും ഇവിടെയുള്ള വിലമതിക്കാനാകാത്ത ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തതോടെയാണ് ഭാരതത്തിന്റെ സംസ്ക്കാരവും അറിവും വിളിച്ചോതുന്ന നളന്ദ സര്‍വകലാശാല സ്മൃതിയിലേക്ക് മറഞ്ഞത്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :