അന്നം തരുന്നവര്‍ക്ക് കൈത്താങ്ങായി മുംബൈ നഗരം

ദളിതനെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ല, സമരക്കാര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കാന്‍ മുംബൈ നഗരം!

അപര്‍ണ| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (11:41 IST)
ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ മുംബൈയിലെത്തി. നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് 200 കിലോമീറ്ററുകള്‍ താണ്ടി മുംബൈ നഗരത്തില്‍ എത്തിച്ചേര്‍ന്നു. മുംബൈയിലെത്തിയ സമരക്കാര്‍ക്ക് ആശ്വാസമായി നഗരവാസികള്‍.

അന്നം തരുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാനും വെള്ളം നല്‍കാനും ആയിരങ്ങളാണ് നഗരത്തില്‍ ഉറങ്ങാതെ കാത്തിരുന്നത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.

രാത്രിയേറെ വൈകിയും പാതയോരത്ത് കര്‍ഷകര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി കാത്തിരുന്ന നഗരവാസികളുടെ ചിത്രം മുംബൈ ജനത സമരത്തെ എങ്ങിനെ സ്വീകരിച്ചു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു. നഗരവാസികള്‍ സമരക്കാര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വിതരം ചെയ്തു.

ശിവസേന ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരുടെ മഹാറാലിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തി. കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിനെ ഇരു കൈയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയുടെ വന്‍ സ്വീകാര്യത തന്നെയാണ് സമരക്കാര്‍ക്കുള്ളത്. വന്‍ ജനപിന്തുണയാണ് ലോങ്മാര്‍ച്ചിന് വഴിയിലുടനീളം ലഭിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദളിത്, മുസ്‌ലിം, സിഖ് സംഘടനകളും രംഗത്തെത്തി.

കർഷക കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷിഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് കൂറ്റൻ റാലിക്ക് നേതൃത്വം നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :