സുതാര്യവും കാര്യക്ഷമതയുമുള്ള ഭരണം കാഴ്ചവെക്കുമെന്ന് മോഡി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 25 ഡിസം‌ബര്‍ 2014 (14:44 IST)
രാജ്യത്ത് സുതാര്യവും കാര്യക്ഷമതയുമുള്ള മികച്ച ഭരണം കാഴ്ചവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര സര്‍ക്കാരിന്റെ സദ്ഭരണ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് മോഡി ഇക്കാര്യം പറയുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് മന്ത്രിമാര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മികച്ച ഭരണം കാഴ്ചവെക്കാന്‍ സര്‍ക്കാര്‍ നടപടികളും നടപടിക്രമങ്ങളും ലളിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഡി പറഞ്ഞു.

ഇതിലൂടെ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും സുതാര്യവും വേഗത്തിലുമാക്കാന്‍ സാധിക്കുമെന്നും മോഡി അറിയിച്ചു. ഈ സന്ദേശം പിന്തുടരാന്‍ മോഡി മന്ത്രിമാരോടും ആവശ്യപ്പെട്ടിടുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും ഹിന്ദുമഹാസഭയുടെ സ്ഥാപക നേതാക്കളിലൊരാളായ മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമായതിനാലാണ് സര്‍ക്കാര്‍ മികച്ച ഭരണദിനമായി ആചരിക്കുന്നത്.

ദിനാചരണത്തിന്റെ ഭാഗമായി മോഡി വാരണാസിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗംഗാ ശുചീകരണ പദ്ധതി, ബനാറാസ് ഹിന്ദു സര്‍വകലാശാലയിലെ പുതിയ മന്ദിരത്തിന്റെ തറക്കല്ലിടല്‍ എന്നിവ സദ്ഭരണദിനാഘോഷ പരിപാടികളുടെ ഭാഗമാണ്. സദ്ഭരണദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ഇന്ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പ്രബന്ധരചനാ മത്സരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നാളത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :