സൈനിക മേധാവികളുമായി മോഡി കൂടിക്കാഴ്ച നടത്തി

മോഡി, സൈനിക മേധാവികള്‍, സമ്മേളനം
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (16:48 IST)
അതിര്‍ത്തിയില്‍ ഇന്ത്യാ -പാക് സംഘര്‍ഷം നിലനിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് മോഡി സൈനിക മേധാവികളെ കാണുന്നത്. സൈനിക മേധാവികളുടെ രണ്ടുദിന സമ്മേളനത്തിലാണ് മോഡി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തുന്ന വെടിവെപ്പിന്‍െറയും ചൈനീസ് കടന്നു കയറ്റത്തിന്‍െറയും പശ്ചാത്തലത്തിലാണ് സൈനിക മേധാവികളുടെ രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. സൈനിക മേധാവികള്‍ തങ്ങളുടെ മേഖലകളിലെ സുരക്ഷാ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കും. അതേ സമയം തന്ത്രപ്രധാന രാജ്യസുരക്ഷയെ കുറിച്ചുള്ള തന്‍െറ കാഴ്ചപ്പാട് പ്രധാനമന്ത്രി സൈനിക മേധാവികളുടെ മുന്നില്‍ അവതരിപ്പിച്ചു എന്നാണ് സൂചന.

കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, നാവിക സേന മേധാവി അഡ്മിറല്‍ ആര്‍.കെ ധൊവാന്‍, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ അതിര്‍ത്തിയിലെ സ്ഥിതി ഗതികളും നിയന്ത്രണരേഖയില്‍ ചൈനയുടെ കടന്നുകയറ്റവും ചര്‍ച്ചയില്‍ വിഷയമായി.

പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജത് ദോവല്‍, പ്രതിരോധ സെക്രട്ടറി ആര്‍.കെ മാഥൂര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :