ശ്രീനഗര്‍|
jibin|
Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (12:14 IST)
ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. റെഡ്വാനി ബാല ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരര്‍ തങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഞായറാഴ്ച ഉച്ചയ്ക്ക് വീട് വളയുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇന്നുരാവിലെ വരെ തുടര്‍ന്നു.
തുടർന്ന് കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർത്തു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. മണിക്കൂറുകൾ നീണ്ടു നിന്ന ഏറ്റുമുട്ടലിന് ശേഷമാണ് രണ്ടു ഭീകരരെ വധിച്ചത്. ഇതിനിടെ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. ഭീകരരെ രക്ഷിക്കുന്നതിനായി നാട്ടുകാരിൽ ചിലർ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം, ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്നു പുലര്‍ച്ചെ പാകിസ്ഥാന് വെടിവെപ്പ് നടത്തിയിരുന്നു. ആർഎസ് പുര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെ 3.10 ഓടെ ബിഎസ്എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി ആരംഭിച്ച വെടിവെപ്പ് മിനിറ്റുകളോളം തുടര്‍ന്നു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.