102 മരുന്നുകള്‍ക്കു കൂടി വിലനിയന്ത്രണം, അവശ്യ മരുന്നുകള്‍ ഇപ്പോഴും പട്ടികയ്ക്ക് പുറത്ത്

ന്യൂഡല്‍ഹി| vishnu| Last Modified ശനി, 21 ഫെബ്രുവരി 2015 (12:23 IST)
രാജ്യത്ത് വിലനിയന്ത്രണ പട്ടികയിലേക്ക് 102 മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ദേശീയ മരുന്നുവില നിയന്ത്രണസമിതി (എന്‍പിപിഎ) തീരുമാനിച്ചു. 2013 -ല്‍ നിലവില്‍വന്ന നിയമപ്രകാരം 680 മരുന്നുകളാണ് വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പലഘട്ടങ്ങളിലായി 509 മരുന്നുകള്‍ പട്ടീകയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബാക്കിയായ 119 എണ്ണത്തില്‍ 17 മരുന്നുകള്‍ 1995ലെ വിലനിയന്ത്രണപ്പട്ടികയില്‍പ്പെട്ടതാണ്. ഇവയുടെ വില വീണ്ടും നിര്‍ണയിക്കാനുള്ള സമയമായിട്ടില്ല. ഇവ ഒഴിവാക്കിയുള്ള 102 മരുന്നുകളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഈ മരുന്നുകള്‍ കൂടി പട്ടീകയില്‍ ഉള്‍പ്പെടുന്നതോടെ ഔഷധവില നിയന്ത്രണ നിയമപ്രകാരമുള്ള മരുന്നുകളുടെ വില നിയന്ത്രണപ്പട്ടിക പൂര്‍ത്തിയാകും.
എയ്ഡ്‌സിനുള്ള ഇന്‍ഡിനാവിര്‍, മജ്ജ-കരള്‍-വൃക്ക തുടങ്ങിയവ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്കുപയോഗിക്കുന്ന സൈക്ലോസ്‌പോറിന്‍, മൈക്രോ ശസ്ത്രക്രിയകള്‍ക്കാവശ്യമായിവരുന്ന ഡെക്‌സ്ട്രാന്‍ 70, സ്ത്രീരോഗ ചികിത്സയ്ക്കുള്ള ടെസ്റ്റോസ്റ്റിറോണ്‍ , സോറിയാസിസിനുള്ള ഡിത്രനോള്‍, അണുബാധകള്‍ക്കുള്ള ക്ലിന്റാമൈസിന്‍, ഉല്‍ക്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കുള്ള ഡയസേപാം, ആല്‍ബുമിന്‍ എന്നിവയാണ് പുതിയതായി പട്ടീകയില്‍ പെട്ട മരുന്നുകള്‍.

എന്നാല്‍ ആസ്ത്മപോലെ രാജ്യത്ത് വളരെ വ്യാപകമായിട്ടുള്ള പല അസുഖങ്ങളുടെയും പ്രധാനപ്പെട്ട മരുന്നുകള്‍ പട്ടികയില്‍ ഇപ്പോഴുമെത്തിയിട്ടില്ല. മോണ്ടെലുകാസ്റ്റ്, ലിവോസിട്രിസിന്‍ എന്നിവയാണ് ഇതില്‍മുഖ്യം. രാജ്യത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് ഒരുദിവസം ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഇവയേക്കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിലനിയന്ത്രണം പ്രഹസനമായി മാറും. അതേസമയം വിലനിയന്ത്രണ പട്ടിക എന്‍പിപിഎ പ്രസിദ്ധീകരിച്ചെങ്കിലും ഇവയുടെ വില എത്രയാണെന്ന് സമിതിയുടെ പട്ടികയില്‍ വ്യക്തമാക്കിയിട്ടില്ല.

വിലനിശ്ചയിക്കുന്നതിനുള്ള ചില വിവരങ്ങള്‍കൂടി നിര്‍മാതാക്കളില്‍നിന്ന് കിട്ടാത്തതാണ് പ്രശ്‌നമെന്നാണ് എന്‍പിപിഎ പറയുന്നത്. അതിനാല്‍ പട്ടിക പൂര്‍ത്തിയായി വിലനിയന്ത്രണം പൂര്‍ണ തോതില്‍ പ്രാവര്‍ത്തികമാകാന്‍ സമയമെടുക്കും എന്ന് ഉറപ്പായി. അതിനിടെ രാജ്യത്താകമാനം മാരകമായ പനികള്‍ പടരുന്ന സാഹചര്യത്തില്‍ മരുന്നുകളില്ലായ്മ ഒഴിവാക്കാന്‍ എന്‍പിപിഎ രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് മരുന്നുകള്‍ വിപണിയിലെത്തിക്കാനാണ് മരുന്നുകമ്പനികള്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാരകമായ എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധയുള്ളവരെ സംബന്ധിച്ച് ഈസാഹചര്യം വലിയഭീഷണിയാണ്. സിപ്ല, റാന്‍ബാക്‌സി, ഹെറ്റിറോ തുടങ്ങിയ പ്രധാന കമ്പനികള്‍ക്കാണ് നിര്‍ദേശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :