ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റു

ചണ്ഡീഗഡ്| jibin| Last Updated: ഞായര്‍, 26 ഒക്‌ടോബര്‍ 2014 (12:09 IST)
ഹരിയാനയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ച്കുലയിലെ ഹുഡ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കപ്റ്റന്‍ സിങ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു. ക്യാപ്റ്റന്‍ അഭിമന്യൂ, രാംവിലാസ് ശര്‍മ, ഒപി ധന്‍കര്‍ എന്നിവരും ഖട്ടാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും ബിജെപി പ്രസിഡന്റ് അമിത് ഷായും എത്തിയിരുന്നു.

40 വര്‍ഷത്തെ ആര്‍എസ്എസ് പ്രവര്‍ത്തനപരിചയമുള്ള ഖട്ടര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അടുപ്പക്കാരനാണ്. സംസ്ഥാനത്ത് മോഡിയുടെ പ്രചാരണപരിപാടിക്ക് തുടക്കംകുറിച്ചത് ഖട്ടര്‍ മത്സരിച്ച കര്‍ണാല്‍ മണ്ഡലത്തിലായിരുന്നു. ഗുഡ്ഗാവിലെ ഉമേഷ് അഗര്‍വാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയതും ഖട്ടറാണ് 63000ലേറെ വോട്ടുകള്‍.

സംസ്ഥാനത്തെ പഞ്ചാബിയായ ആദ്യ മുഖ്യമന്ത്രികൂടിയാണ് അറുപതുകാരനായ ഖട്ടര്‍. 18 വര്‍ഷത്തിനുശേഷമാണ് ജാട്ട് സമുദായക്കാരനല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നത്. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഖട്ടര്‍ ഹരിയാണയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയുമാണ്.

ആദ്യമായി ബിജെപി തനിച്ച് അധികാരത്തിലെത്തുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയിരിക്കുന്നത്. 3,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :