പ്രതീക്ഷ കാക്കാന്‍ മംഗള്‍‌യാന്‍ കുതിക്കുന്നു ചുവന്ന ഗ്രഹത്തിലേക്ക്

മംഗള്‍‌യാന്‍, ചൊവ്വ, ഐഎസ്ആര്‍ഒ
ബാംഗ്ലൂര്‍| VISHNU.NL| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (12:14 IST)
ചുവന്ന ഗ്രഹത്തിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകളുമായി രാജ്യത്തിന്റെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൌത്യമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍‌യാന്‍ വിജയതീരമണയുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പേടകത്തിന് ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ ഐഎസ്ആര്‍ഒ യിലെ ശാസ്ത്രജ്ഞര്‍ നല്‍കിത്തുടങ്ങി.

ലോകരാജ്യങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന ദൌത്യമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്നേവരേ ഒരു രാജ്യത്തിന്റെയും പ്രഥമ ചൊവ്വാ ദൌത്യം വിജയം കണ്ടിട്ടില്ല. അതിനാല്‍ അതീവ കരുതലോടെയാണ് ഐഎസ്ആര്‍ഒ ദൌത്യത്തേ സമീപിക്കുന്നത്.

നിലവില്‍ പേടകത്തിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ മുഴുവന്‍ അയയ്ക്കാന്‍ 13 മണിക്കൂര്‍ വേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഈ മാസം 24-ന് രാവിലെ 7.18-നാണ് സൂര്യന്റെ ആകര്‍ഷണവലയത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. പേടകത്തിലെ പ്രധാന യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക.

എന്നാല്‍ ദൌത്യം ആരംഭിച്ചതിനു ശേഷം മാസങ്ങളോളം ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്. ചൊവ്വായുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്ന സമയത്ത് 'മംഗള്‍യാന്‍' ചൊവ്വയുടെ നിഴലിലായിരിക്കും.
അതിനാല്‍ സൌരോര്‍ജ പാനലുകള്‍ ഈ സമയത്ത് പ്രവര്‍ത്തന രഹിതമാകും. ഈ പ്രതിസന്ധി മറികടക്കുവാന്‍ പേടകത്തിനുള്ളില്‍ ബാറ്ററി പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ യന്ത്രത്തിന്റെ ക്ഷമത പരിശോധിക്കുന്നതിനായി
ചൊവ്വാപഥ പ്രവേശത്തിനുമുമ്പ് 22-ന് നാല് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ 'മംഗള്‍യാനി'ല്‍ 'ഓണ്‍ബോര്‍ഡ്ഓട്ടോണമി' സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരപഥം സ്വയം ക്രമീകരിക്കാനുള്ള ശേഷി ഇതിലൂടെ ലഭിക്കും. ചൊവ്വയോട് അടുക്കുമ്പോള്‍ പേടകത്തില്‍നിന്ന് സന്ദേശം ലഭിക്കാന്‍ പത്ത് മിനിറ്റ് വേണം. ഈ കാലതാമസം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സംവിധാനം പ്രയോജനപ്പെടും.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :