നേരേ ചൊവ്വയിലേക്കെത്താന്‍ ഇനി ഏഴുനാള്‍; മോഡിയുമെത്തും

mangalyan, india,isro,maven,nasa
ബാംഗ്ലൂര്‍| VISHNU.NL| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:10 IST)

രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ ചൊവ്വദൌത്യം വിജയതീരമണയാന്‍ ഇനി ഏഴുനാള്‍ മാത്രം. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടന്നുകഴിഞ്ഞാല്‍ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

ബഹിരാകാശ ശക്തിതന്നെയെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദൌത്യ വിജയത്തില്‍ ആഹ്ലാദം പങ്കിടാന്‍ പ്രധാന മന്ത്രി മോഡിയും ഐ‌എസ്‌ആര്‍‌ഒ ശാസ്ത്രജ്ഞരോടൊപ്പം അണിചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

സെപ്തംബര്‍ 24-ന് ബാംഗ്ലൂരിനടുത്ത് ബൈലാലുവില്‍ ഐഎസ്ആര്‍ഒയുടെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കിലാണ് പ്രധാനമന്ത്രി എത്തുന്നത്. ഇവിടത്തെ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്ററാണ് പേടകത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്നതും അവലോകനം ചെയ്യുന്നതും.


ചൊവ്വായുടെ ഭ്രമനപഥത്തില്‍ പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസമാണ് പേടകത്തില്‍ അപ്‌ലോഡ് ചെയ്തത്. ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്പോള്‍ പേടകം ചൊവ്വായുടെ നിഴലിലാകുന്നതിനാലും ആശയ വിനിമയത്തിന് കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലുമാണ് പേടകത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്വയം നിയന്ത്രമ്മ സംവിധാനത്തിലേക്ക് സന്ദേശങ്ങള്‍ അപ്‌ലോഡ് ചെയ്തത്.

ഇനി ഈ സന്ദേശങ്ങള്‍ അനുസരിച്ച് സംവിധാനം സ്വയം പേടകത്തേ നിയന്ത്രിക്കും. സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ വേഗം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന സമയത്ത് 1.98 കിലോമീറ്ററായി കുറയ്ക്കണം. ഇതിനായി 24-ന് രാവിലെ 6.56 മുതല്‍ അതിന്റെ ദിശ സാവധാനം തിരിക്കും.

രാവിലെ 7.12-ഓടെ ചൊവ്വയുടെ നിഴലിലേക്ക് പ്രവേശിക്കും. 7.18-ന് പേടകത്തിലെ പ്രധാനയന്ത്രം 24 മിനിറ്റും 23 സെക്കന്‍ഡും ജ്വലിപ്പിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാറ്റും. പ്രധാന യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇതോടൊപ്പമുള്ള എട്ട് ചെറുയന്ത്രങ്ങള്‍ 90 മിനിറ്റ് പ്രവര്‍ത്തിപ്പിച്ച് ദൗത്യം നിറവേറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ചൊവ്വായുടെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചുകഴിഞ്ഞാള്‍ അടുത്ത നാലുമിനുറ്റിനുള്ളില്‍ സന്ദേശം ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലെ സന്ദേശകേന്ദ്രത്തില്‍ ലഭിക്കും. ഉച്ചയോടെ പേടകത്തില്‍ നിന്നുള്ള 'സിഗ്നല്‍' ബാംഗ്ലൂരിലെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കില്‍ ലഭിക്കും. ഇതോടെ ഇന്ത്യ ലോകബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ക്കും. ചൊവ്വാ പര്യവേക്ഷ്ണത്തില്‍ ഏര്‍പ്പെടുന്ന അഞ്ചാമത്തേ രാജ്യമെന്ന ഖ്യാതിയും ഇന്ത്യക്ക് ലഭിക്കും. കൂടാതെ പ്രഥമ ദൌത്യത്തില്‍ തന്നെ ലക്ഷ്യം കണ്ട ആദ്യ രാജ്യവും ഇന്ത്യയാകും.

അതേ സമയം യുഎസ് ബഹിരാകാശ ഏജന്‍സിയായ 'നാസ'യുടെ 'മാവെന്‍' പേടകം 21ന് സമാന ദൌത്യവുമായി ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേരും. ഇന്ത്യയുടെ മംഗള്‍യാനുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മംഗള്‍‌യാനെ യുഎസ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ബഹിരാകാശകേന്ദ്രങ്ങളും നിരീക്ഷിക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :