ഇന്ധനം കുറവായിട്ടും മമത സഞ്ചരിച്ച വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല; ബംഗാള്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2016 (09:36 IST)
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം. ബംഗാള്‍ നഗരവികസന മന്ത്രി ഫിറാദ് ഹക്കീമാണ് ആരോപണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം, മമതതയുമായി എത്തിയ വിമാനത്തിന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് അനുമതി നല്കുന്നത് വൈകിപ്പിച്ചിരുന്നു. ഇതാണ് ഇത്തരമൊരു ആരോപണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

ബുധനാഴ്ച രാത്രി ഏഴരയ്ക്ക് പാട്‌നയില്‍ നിന്ന് പുറപ്പെട്ട വിമാനം എട്ടരയ്ക്ക് കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇന്ധനം കുറവാണെന്നും എത്രയും പെട്ടെന്ന് ലാന്‍ഡിങ്ങിനുള്ള അനുമതി നല്കണമെന്നും പൈലറ്റ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അരമണിക്കൂറിനു ശേഷം മാത്രമാണ് ഇറങ്ങാന്‍ പൈലറ്റിനു അനുമതി ലഭിച്ചത്.

അതേസമയം, എയര്‍ ട്രാഫിക് അധികൃതരുടെ ഈ നടപടി മമതയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഫിറാദ് ഹക്കീമിന്റെ വാദം. നോട്ട് അസാധുവാക്കിയ ജനദ്രോഹ നടപടിക്കെതിരെ രാജ്യമൊട്ടുക്കും സഞ്ചരിച്ച് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനാലാണ് മമതയെ വധിക്കാന്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :