പാര്‍ലമെന്റില്‍ കേരളവും തമിഴ്നാടും കൊമ്പുകോര്‍ത്തു

കേരളം, തമിഴ്നാട്, പാര്‍ലമെന്റ്, പട്ടിശ്ശേരി ഡാം
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (14:54 IST)

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ പരസ്പരം കൊമ്പുകോര്‍ത്തു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരേയാണ് തമിഴ്നാട്ടിലെ പ്രതിനിധികള്‍ പ്രതിഷേധവുമായി എത്തിയത്. പാര്‍ലമെന്റിന്റെ ശൂന്യവേളയിലാണ് തമിഴ്നാട് പ്രതിനിധികള്‍ കാന്തല്ലൂര്‍ അണക്കെട്ട് വിഷയം ഉഅര്‍ത്തി പ്രതിഷേധിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കത്തിലാണ്. അതിനാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ കാന്തല്ലൂരില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതില്‍ നിന്ന് കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ തടയണമെന്നാണ് തമിഴ്നാട് പ്രതിനിധികള്‍ ആവശ്യപ്പെടത്. എന്നാല്‍ തമിഴ്നാട് ആവശ്യത്തിനെതിരെ കേരളത്തിലെ എം‌പിമാര്‍ പ്രതിഷേദവുമായി എഴുന്നേറ്റു. പിന്നീട് ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ബഹളം അവസാനിപ്പിച്ചത്.

നേരത്തെ, പട്ടിശേരിയില്‍ അണക്കെട്ടു നിര്‍മിക്കുന്നതില്‍ നിന്ന് കേരളത്തെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. പനീര്‍ സെല്‍വം പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. പട്ടിശേരിയില്‍ അണക്കെട്ട് നിര്‍മിച്ചാല്‍ പാമ്പാറില്‍നിന്നു തമിഴ്നാട്ടിന് വെള്ളം ലഭിക്കില്ലെന്ന പ്രചാരണമാണ് തമിഴ്നാട് നടത്തുന്നത്. തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലെ ജലനിരപ്പു താഴുമെന്നും ജലവൈദ്യുത, കുടിവെള്ള, ചീങ്കണ്ണി വളര്‍ത്തല്‍ പദ്ധതികളെ ബാധിക്കുമെന്നും തമിഴ്നാട് പറയുന്നു.

പാമ്പാര്‍ പുഴയില്‍നിന്നു മുക്കാല്‍ കിലോമീറ്റര്‍ മാറിയാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പട്ടിശേരി ജലാശയം. ചുറ്റുമുള്ള മലനിരകളില്‍നിന്ന്, പ്രത്യേകിച്ച് വേട്ടക്കാരന്‍കോവില്‍ മലനിരകളില്‍നിന്നുള്ള നീര്‍ച്ചാലുകളും ഉറവയുമാണ് പട്ടിശേരിയുടെ ജലസ്രോതസ്. പാമ്പാറില്‍നിന്നുള്ള ഒരു തുള്ളി വെള്ളം പോലും പട്ടിശേരിയിലേക്കോ, തിരിച്ച് പാമ്പാറിലേക്കോ ഒഴുകുന്നില്ല. ഈ സാഹചര്യത്തില്‍ തമിഴ്നാട് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കേരളം അവകാശപ്പെടുന്നു.

കാന്തല്ലൂരിലെ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനായി 1937ല്‍ പട്ടിശേരി ജലാശയത്തിനു കുറുകെ നിര്‍മിച്ച തടയണയാണ് 23 മീറ്റര്‍ ഉയരമുള്ള പുതിയ അണക്കെട്ടായി ഇപ്പോള്‍ കേരളം പുനര്‍നിര്‍മിക്കുന്നത്. 26 കോടി രൂപയാണ് ചെലവ്. ഇതിനെതിരെയാണ് തമിഴ്നാടിന്റെ പ്രതിഷേധം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :