‘ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട’- ബിജെപിയോട് ജിഗ്നേഷ് മേവാനി

അപർണ| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (08:51 IST)
ഭീമാ കൊറെഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ വൻ പ്രക്ഷോഭത്തിന് ദളിത് സമൂഹം ഒരുങ്ങുന്നു. ബിജെപിക്കെതിരെ ഈ മാസം രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നുമെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരുമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് ആന്റ് സ്റ്റേറ്റ് റിപ്രഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മളനത്തിലാണ് അരുന്ധതി റോയ്, ജിഗ്നേഷ് മേവാനി അടക്കമുള്ള സാമൂഹ്യപ്രവർത്തകർ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

സംഘപരിവാറും ബിജെപിയും ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. രാജ്യത്തെ ദളിതരും ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഒരുമിച്ച് രാജ്യവ്യാപകമായി സെപ്റ്റംബര്‍ 5ന് പ്രക്ഷോഭം നടത്തുമെന്നും മേവാനി ഡല്‍ഹിയില്‍ വ്യക്തമാക്കി.

ഭീമാ കൊറെഗാവ് സംഘര്‍ഷത്തിന്റെ തലേദിവസം നടന്ന ദളിത് കൂട്ടായ്മ എല്‍ഗാര്‍ പരിഷത്തില്‍ നടന്ന പ്രഭാഷണമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ഇതില്‍ പങ്കെടുത്തവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ച് എഴുത്തുകാരും ദളിത്, ഇടത് ബുദ്ധിജീവികളെയും പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദളിത് സമൂഹത്തിന്റെ പുതിയ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :