ജയലളിതയുടെ മരണം: തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ| സജിത്ത്| Last Modified ചൊവ്വ, 3 ജനുവരി 2017 (12:19 IST)
ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗർ റാവു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ജയലളിതയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതിയെ തുടര്‍ന്നാണ് ഐസിയുവിൽ നിന്ന് മാറ്റിയത്. എന്നാല്‍ പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ നല്‍കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ജയലളിതയുടെ അസുഖവിവരങ്ങളും മരണവിവരവും സംബന്ധിച്ച് ഗവർണർ നൽകിയ റിപ്പോർട്ടുകളുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മരണദിവസം ഡിസംബർ ഏഴിന് ഗവർണർ നൽകിയ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടത്. ജയലളിതയുടെ മരണസമയവും കാരണങ്ങളും ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്ന്നതിന്റെ തെളിവായാണ് റിപ്പോർട്ട് നൽകിയിരിയ്ക്കുന്നത്.

സെപ്റ്റംബർ 22നാണ് ജയലളിതയെ പനിയും നിർജലീകരണവും മൂലം അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പെട്ടെന്ന് നില ഗുരുതരമായി. അൻപത് ദിവസത്തോളം വിദഗ്ധ ചികിത്സ നൽകിയതിനെത്തുടർന്ന് ജയലളിതയെ നവംബർ 19നാണ് ഐസിയുവിൽ നിന്ന് മൾട്ടി ഡിസിപ്ലിനറി ക്രിട്ടിക്കൽ യൂണിറ്റിലേയ്ക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡിസംബർ 4 ന് വൈകിട്ട് മുംബൈയിൽ വെച്ചാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായ വിവരം തനിയ്ക്ക് ലഭിച്ചത്. ഉടൻതന്നെ ചെന്നൈയിലേയ്ക്ക് പുറപ്പെട്ട തന്നോട് അവർക്ക് ഇസിഎംഒ എന്ന ജീവൻരക്ഷാഉപകരണം ഘടിപ്പിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും ഒരു ദിവസം നില ഗുരുതരമായി തുടർന്ന ശേഷം ഡിസംബർ 5ന് വൈകിട്ടോടെ അവർ അന്തരിച്ചതായി പ്രഖ്യാപിയ്ക്കുകയായിരുന്നെന്നും ഗവർണറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അപ്പോളോ ആശുപത്രി പുറത്തുവിട്ട വിവരങ്ങൾ തന്നെയാണ് ഗവർണറുടെ റിപ്പോ‍ർട്ടിലുമുള്ളത്. അതേസമയം, ജയലളിതയ്ക്ക് എന്തുചികിത്സയാണ് നൽകിയിരുന്നതെന്നും അവരുടെ അസുഖത്തിന്‍റെ വിശദാംശങ്ങളെന്താണെന്നും കാണിച്ച് ഒക്ടോബർ 1 നും 22 നും ഗവർണർ കേന്ദ്രസർക്കാരിന് കൈമാറിയ റിപ്പോർ‍ട്ടുകളുടെ വിശദാംശങ്ങൾ സ്വകാര്യവിവരമാണെന്നും അത് പുറത്തുവിടാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :