'കാവലാൾ' യാത്രപറഞ്ഞപ്പോൾ ജയലളിത തനിച്ചായിരുന്നു, പക്ഷേ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല!

പാർട്ടി എന്ന പാളയത്തിൽ ജയലളിത തനിച്ചായ നിമിഷം, പക്ഷേ തളർന്നില്ല

ചെന്നൈ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (17:35 IST)
സിനിമ പോലെ തന്നെ അവിശ്വസനീയമായിരുന്നു ജയലളിതയുടെ ജീവിതവും. എം ജി ആറിന്റെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുകൾ എടുത്തുവെച്ചത്. സിനിമയിലേത് പോലെ വിജയങ്ങൾ ആയിരുന്നില്ല രാഷ്ട്രീയ ജീവിതത്തിൽ അവർക്ക് നേരിടേണ്ടി വന്നത്. കയറ്റിറക്കങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ധാരാളം കഷ്ടപെട്ടിട്ടാണ് അവർ തനിക്കായി ഒരു ഇരിപ്പിടം കണ്ടെത്തിയത്.

പാര്‍ട്ടിക്കുള്ളില്‍ നെറ്റിചുളിച്ചു നിന്ന പല മുതിര്‍ന്നവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തു‌. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എം എല്‍ എയായി. 84ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ രണ്ടാമത്തെയാളായി വളര്‍ന്ന ജയലളിതയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ കുതിച്ചുയരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്.

എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ജയളിതയ്ക്കെതിരേ പാര്‍ട്ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. 1987ല്‍ എം ജി ആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് ക‍ഴിഞ്ഞു. ജയലളിതയെ എം ജി ആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡി എം കെ അധികാരത്തിലെത്തുകയും ചെയ്തു.

അവിടെനിന്നാണ് ഒരു തമി‍ഴ്സിനിമയെ വെല്ലുന്ന തിരക്കഥ പോലെ
ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്. അനുയായികളെ അനുനയിപ്പിക്കാൻ ജയലളിത ശ്രമിച്ചു, പരിശ്രമം ഫലം കണ്ടുവെന്ന് പറയാം. പാർട്ടിയെ തന്റെ കീഴിൽ കൊണ്ടുവരുന്നതിൽ അവർ വിജയിച്ചു. ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പിന്മാറിയതോടെ ജയലളിത ഒരു അനിഷേധ്യനേതാവായി സ്വയം അവരോധിക്കപ്പെട്ടു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :