പെണ്ണുമില്ല പണവുമില്ല... ഐ‌എസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍ ശശിയായി...!

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (15:24 IST)
മോഹിപ്പികുന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുതിയ ജിഹാദികളെ റിക്രൂട്ട് ചെയ്തിരുന്നത്. സിറിയന്‍, യസീദി സുന്ദരികളായ സ്ത്രീകളെ വധുക്കളായി നല്‍കും, ലൈംഗിക അടിമ വേറെ, കൈനിറച്ച് പണം അങ്ങനെ അങ്ങനെ. എന്നാല്‍ ഇതൊക്കെ കേട്ട് മോഹിച്ച് ജിഹാദികളാകന്‍ പോയ ഇന്ത്യക്കാര്‍ വഞ്ചിക്കപ്പെട്ടു എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.

ഐ‌എസിലെ അറബ് പോരാളികളേക്കാള്‍ താഴ്ന്ന നിലയിലാണ് ഇന്ത്യക്കാരെ ഐ‌എസ് കാണുന്നതത്രേ..! ഇന്ത്യക്കാര്‍ മാത്രമല്ല, പാകിസ്താന്‍, ആഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പോരാളികള്‍ക്കും ഇതേ ഗതി തന്നെയാണ്. യു.എസ് ബ്രീട്ടീഷ് രഹസ്യാന്വേഷണഏജന്‍സികളായ സി.ഐ.എ, എം.ഐ. സിക്‌സ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇത്തരക്കാര്‍ക്ക് ആയുധം നല്‍കുകയോ ശമ്പളം നല്‍കുന്ന കാര്യത്തിലോ ഒക്കെ വിവേചനമുണ്ടെങ്കിലും തിരികെ പോകാന്‍ വയ്യാത്ത തരത്തില്‍ ഐ‌എസില്‍ കുടുങ്ങിയതിനാല്‍ സഹിക്കുകയാണത്രേ! വിദ്യാഭ്യാസവും സാമൂഹിക പശ്ചാത്തലവും കാരണം മറ്റുള്ളവരെ പോലെ പെട്ടന്നുള്ള പ്രകോപനങ്ങളില്‍ വീഴുന്നില്ലെന്നതിനാല്‍ ചാവേര്‍ ആക്രമണങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കാന്‍ ചതിക്കുകയാണ്
ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ആക്രമണസ്ഥലത്ത് കൊണ്ടുപോയി നിര്‍ത്തിയശേഷം നേരത്തെ നല്‍കിയ നമ്പരില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. സഹായികളെ വിളിക്കുകയാണെന്ന് കരുതിയാണ് മിക്ക ചാവേറുകളും ഡിറ്റണേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളിലേക്ക് ഡയല്‍ചെയ്യുക. കോള്‍ വരുന്നതോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്യും.

മാത്രമല്ല, പോരാളികള്‍ക്ക് സിറിയന്‍ വനിതകളെ വധുക്കളായി നല്‍കുമെന്നാണ് ഐഎസ് വാഗ്ദാനം ചെയ്യാറെങ്കിലും അറബ് പോരാളികളല്ലാത്തവര്‍ക്ക് ' ജിഹാദി വധുക്കള്‍' അപ്രാപ്യമാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇറാഖിലും സിറിയയിലുമായി 23 ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടുന്നുണ്ടെന്നും ആറുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേരെ ചേര്‍ക്കാന്‍ ഐ.എസ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :