എയ്‌ഡ്സ് തുടച്ചു നീക്കണമെന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; രാജ്യത്തെ എയ്‌ഡ്‌സ് ബാധിതരില്‍ 40 ശതമാനവും സ്ത്രീകളെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (11:59 IST)
ആരോഗ്യരംഗത്ത് മുന്നേറുന്നതിന്റെ ഭാഗമായി എയ്‌ഡ്‌സിനെ തൂത്തെറിയുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യ. എന്നാല്‍, 2030ഓടെ എയ്ഡ്‌സില്‍ നിന്ന് പൂര്‍ണമുക്തി നേടണമെന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ആരോഗ്യമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ എയ്‌ഡ്‌സ് ബാധിതരില്‍ 40 ശതമാനവും സ്ത്രീകളാണെന്നാണ് പഠനറിപ്പോര്‍ട്ട്.

രാജ്യത്ത് 2015ല്‍ പുതുതായി 86, 000 പേര്‍ക്ക് കൂടി എച്ച് ഐ വി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, 2007നെ അപേക്ഷിച്ച് എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. 2007ല്‍ 22.26 ലക്ഷം ആയിരുന്നു രോഗബാധിതരെങ്കില്‍ 2015ല്‍ അത് 21.17 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍, മൊത്തം എയ്‌ഡ്‌സ് ബാധിതരില്‍ 6.54% പേര്‍ 15 വയസ്സില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ആരോഗ്യമേഖലയില്‍ വലിയ ആശങ്കയ്ക്ക് വഴി വെക്കുന്നതാണ്.

എച്ച് ഐ വിയെക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണം നടത്തിയും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തിയും ചെയ്യുന്നതിലൂടെ രോഗം പകരുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് എയിഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൌണ്ടേഷന്‍ നൊചികേത മൊഹന്തി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :