ജുനാഗട്ട്|
PRIYANKA|
Last Updated:
ചൊവ്വ, 28 ജൂണ്‍ 2016 (14:19 IST)
പശു വിശുദ്ധ മൃഗമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും ഗിര്‍ പശു വിശുദ്ധ മൃഗമാണെന്ന കാര്യത്തില്‍ ഇനി അധികമാരും തര്‍ക്കിക്കില്ല. ജുനഗാഥ് (ജെഎയു)സര്‍വ്വകലാശാലയിലെ ശാസ്ത്രഞ്ജരുടെ കണ്ടെത്തലാണ് ഗിര്‍ പശുക്കള്‍ക്ക് സ്വല്‍പം പ്രത്യേകതയുണ്ടെന്ന കണ്ടെത്തലിനു പിന്നില്‍. ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രഞ്ജര്‍.
നാലു വര്‍ഷം നീണ്ട ഗവേഷണത്തിന് ഒടുവിലാണ് ഗിര്‍ പശുവിന്റെ മൂത്രത്തില്‍ ശാസ്ത്രഞ്ജര്‍ സ്വര്‍ണം കണ്ടെത്തിയത്. 400 പശുക്കളില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരു ലിറ്റര്‍ മൂത്രത്തില്‍ നിന്നും മൂന്നു മുതല്‍ 10 മില്ലി ഗ്രാം വരെയാണ് സ്വര്‍ണം കണ്ടെത്തിയത്. വേര്‍തിരിച്ച് എടുക്കാനാവുന്ന അയണിക് രൂപത്തിലാണ് സ്വര്‍ണത്തിന്റെ സാന്നിദ്ധ്യമുള്ളത്. ജെഎയു ബയോടെക്‌നോളജി തലവന്‍ ഡോ. ബി എ ഗോലക്കിയയുടെ നേതൃത്വത്തിലാണ് പരീക്ഷണങ്ങള്‍ നടന്നത്.
ഗ്യാസ് ക്രോമാറ്റോഗ്രാഫി മാസ് സ്‌പെക്ട്രോമെട്രിയുടെ (ജിസി-എംഎസ്) സഹായത്താലാണ് സ്വര്‍ണം വേര്‍തിരിച്ചത്. പുരാണങ്ങളിലും മറ്റും പശുവിന്റെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് പറയാറുണ്ടെങ്കിലും അതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇക്കാര്യത്തില്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഡോ. ഗോലക്കിയ പറയുന്നു.
രാസവസ്തുക്കള്‍ ഉപയോഗിച്ച് വേര്‍തിരിക്കാവുന്ന അവസ്ഥയിലാണ് മൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിദ്ധ്യമുള്ളത്. ഒട്ടകം, കാള, ചെമ്മരിയാട്, ആട് എന്നിവയുടെ മൂത്രത്തിലും സമാനമായ പരീക്ഷണം സംഘം നടത്തിയിട്ടുണ്ട്. സ്വര്‍ണ സാന്നിദ്ധ്യത്തിന് പുറമെ 5,100 സംയുക്തങ്ങളും നിരവധി അസുഖങ്ങള്‍ക്കുള്ള ഔഷധ മൂല്യവും ഗിര്‍ പശുവിന്റെ മൂത്രത്തില്‍ കണ്ടെത്തി. ഇതേ ഗവേഷണം ഇന്ത്യയിലെ മറ്റ് പരമ്പരാഗത പശുക്കളിലും നടത്താനുള്ള ഒരുക്കത്തിലാണ് സംഘം.