ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ വഴിത്തിരിവ്; സല്‍മാന്റെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

മുംബൈ:| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2015 (15:54 IST)
സല്‍മാന്‍ ഖാന്‍ പ്രതിയായ 2002 ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ വഴിത്തിരിവ്. അപകടമുണ്ടായ സമയത്ത് താനാണ് വണ്ടി ഓടിച്ചിരുന്നതെന്ന് സല്‍മാഖാന്റെ ഡ്രൈവറായ അശോക് സിംഗ് മുംബൈ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച കേസില്‍ മൊഴി നല്‍കാനായി കോടതിയില്‍ ഹാജരായപ്പോള്‍ അപകട സമയത്ത് തന്റെ ഡ്രൈവറായ അശോക് സിംഗാണ് വാഹനമോടിച്ചതിരുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

ഇതുകൂടാതെ അപകടമുണ്ടായ സമയത്ത് താന്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണവും സല്‍മാന്‍ നിഷേധിച്ചിരുന്നു. തന്റെ വശത്തുണ്ടായിരുന്ന വാതില്‍ തുറക്കാന്‍ സാധിക്കാത്തതിനാലാണ് ഡ്രൈവറുടെ വശത്തുള്ള വാതിലിലൂടെ താന്‍ പുറത്തിറങ്ങിയതെന്നും കോടതിയില്‍ പറഞ്ഞു.

മുംബൈയിലെ ബാന്ദ്രയില്‍ 2002 സപ്തംബര്‍ 28 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം സല്‍മാന്‍ ഖാന്റെ വാഹനമിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് സല്‍മാന്‍ ഖാനെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് പത്തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :