സംഗീതത്തിന് അതിർത്തികളില്ല; ഗുലാം അലിക്ക് ഡല്‍ഹിയിലേക്ക് ക്ഷണം

 ഗസൽ ഗായകൻ ഗുലാം അലി , ശിവസേന , പാകിസ്ഥാന്‍ , കപിൽ മിശ്ര
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (13:53 IST)
ശിവസേനയുടെ ഭീഷണിയെത്തുടർന്ന് മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയ പ്രശസ്ത പാക്കിസ്ഥാനി ഗസൽ ഗായകൻ ഗുലാം അലിക്ക് ഡൽഹി സർക്കാരിന്റെ ക്ഷണം. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയാണ് ശിവസേനയുടെ എതിര്‍പ്പുകളെ അവഗണിച്ച് ഗുലാം അലിയെ ക്ഷണിച്ചത്. സംഗീതത്തിന് അതിർത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡൽഹിയിൽ സംഗീത പരിപാടി നടത്തുന്നതിനായി ക്ഷണിച്ചിരിക്കുന്നത്.

നാളെ നടക്കാനിരുന്ന മുംബൈയിലെ സംഗീത പരിപാടി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. ഗസൽ ഗായകൻ ജഗ്ജീത് സിംഗിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് മുംബയ് മാട്ടുംഗയിലെ ഷൺമുഖാനന്ദ ഹാളിൽ നടക്കാനിരുന്ന പരിപാടിയാണ് ശിവസേന ഭീഷണിയെത്തുടർന്ന് റദ്ദാക്കേണ്ടി വന്നത്.

പാകിസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ സാംസ്‌കാരിക സഹകരണത്തെയും എതിര്‍ക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരെ വെടിവെച്ചു കൊല്ലുന്ന പാകിസ്ഥാനുമായി യാതൊരു ബന്ധവും വേണ്ട എന്ന നിലപാടിലാണ് ശിവസേന. പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരാണെന്നും പാക് ഗായകരെ ഇന്ത്യയില്‍ പാടിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന നേതാവ് അക്ഷയ് ബദ്രപുര്‍ക്കര്‍ പറഞ്ഞു.

പാകിസ്ഥാന്‍ നമുക്കെതിരാണ് പിന്നെന്തിന് അവരുടെ ഗായകരെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കണമെന്നും ശിവസേന ചോദിക്കുന്നു. ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുള്ള ഗുലാം അലി കുറച്ചുനാളുകള്‍ക്ക് മുമ്പ് വരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ കച്ചേരി നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :