ആവേശം വാനോളം, ജി‌എസ്‌എല്‍‌വി മാര്‍ക് 3 വിക്ഷേപണം വിജയം

ബംഗളൂരു| VISHNU.NL| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (10:02 IST)
പുതു തലമുറ ബഹിരാകാശ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് -മൂന്ന് ഐ‌എസ്‌ആര്‍‌ഒ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് വിക്ഷേപിച്ചത്. ഭാരം കൂടിയ ഉപഗ്രഹങ്ങളെ ഭൌമസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കുന്നതിന് ഇന്ത്യയെ സഹായിക്കുന്ന വിക്ഷേപണ വിജയമാണ് ഇത്.

പരീക്ഷണ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും റോക്കറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ‌എസ്‌‌ആരോ അറിയിച്ചു. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 8.30നാണ് തുടങ്ങിയത്. പരീക്ഷണ വിക്ഷേപണമായതിനാലാണ് കൗണ്ട്ഡൗണ്‍ 24 മണിക്കൂറാക്കി ചുരുക്കിയത്.

140 കോടി രൂ‍പയാണ് റോക്കറ്റിന്റെ നിര്‍മ്മാണ ചെലവ്. 42.4 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്. മൂന്ന് ഘട്ടങ്ങളാണ് ഈറോക്കറ്റിനുള്ളത്. ഘര, ദ്രവ, ക്രയോജനിക് ഘട്ടങ്ങളാണുള്ളത്. പരീക്ഷണാര്‍ഥമുള്ള വീക്ഷേപണമായതിനാല്‍ ഇതിലെ ക്രയോജനിക് ഘട്ടത്തിനു പകരം ഡമ്മിയായിട്ടൂള്ള ക്രയോജനിക് എഞ്‌ജിനാണുള്ളത്.

ബഹിരാകാശത്ത് എത്തിച്ചതിനുശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പേടകവും (മൊഡ്യൂള്‍) റോക്കറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.
3.65 ടൗണ്‍ ഭാരമുള്ളതാണ് ഈ പേടകം. ഭാവിയില്‍ നടത്തുന്ന മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശ ദൗത്യത്തിന്‍െറ മുന്നോടിയായാണ് വിക്ഷേപണം. ബഹിരാകാശത്ത് എത്തിയതിനു 20 മിനുട്ടൂകള്‍ കഴിഞ്ഞ് പേടകം വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ തിരിച്ചിറങ്ങി.

ബഹിരാകാശ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് ഇന്ന് പിന്നിട്ടത്. ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൌത്യങ്ങളുമായി ‌ഐ‌എസ്‌ആര്‍‌ഒയ്ക്ക് മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്നതാണ് ഈ പരീക്ഷണ വിജയം. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്രയും കരുത്തുള്ള റോക്കറ്റും സാങ്കേതിക വിദ്യയുമുള്ളത്. ഇപ്പോള്‍ ഇന്ത്യയും ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :