ഗൗരി ലങ്കേഷ് വധത്തില്‍ ഇന്റർപോള്‍ അന്വേഷിക്കുന്ന കൊടും കുറ്റവാളിക്കും പങ്ക് ?

Sumeesh| Last Updated: വെള്ളി, 16 മാര്‍ച്ച് 2018 (18:08 IST)
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പൊലീസ് തിരയുന്ന പ്രതി ഇന്റർപോളിന്റെ പട്ടികയിലുള്ളയാ‍ളെന്ന് റിപ്പോര്‍ട്ട്. സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ പ്രവീണ്‍ ലിംകറെ എന്നയാളെയാണ് അന്വേഷണ സംഘം തിരയുന്നത്. ഗോവ സ്‌ഫോടനക്കേസില്‍ തിരയുന്ന പ്രതിയാണ് ഇയാള്‍.

ഗൗരി ലങ്കേഷ് വധത്തില്‍ നേരത്തെ അറസ്‌റ്റിലായ ഹിന്ദു യുവസേന പ്രവർത്തകന്‍ കെടി നവീൻ കുമാറില്‍ നിന്നാണ് പ്രവീണ്‍ ലിംകറെയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇരുവര്‍ക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

2009ല്‍ മഡ്ഗാവിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച കേസിലാണ് ലിംകറെ ഉള്‍പ്പെടയുള്ള നാലു പ്രതികളെ പൊലീസ് അന്വേഷിക്കുന്നത്. സ്‌ഫോടത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ പിന്നീട് കൊടും കുറ്റവാളികളുടെ പട്ടികയില്‍ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഉള്‍പ്പെടുത്തുകയായിരുന്നു.

ഇതിനിടെ ഇവരെ കണ്ടെത്തുന്നതിനായി എന്‍ഐഎ ഇന്റർപോളിന്റെ സഹായം തേടുകയും തുടർന്ന് പ്രതികള്‍ക്കെതിരെ
ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :