മീനില്‍ മുള്ള് പാടില്ല; പാചകം ചെയ്യാന്‍ ജീവനുള്ള ഞണ്ട് മാത്രം; മീന്‍കറി മുതല്‍ മീന്‍ അച്ചാറു വരെ പാലിക്കേണ്ടത് കര്‍ശന വ്യവസ്ഥകള്‍

മീന്‍ കറി മുതല്‍ ഉണക്ക മീന്‍ വരെ വില്‍പ്പനയ്ക്കു കര്‍ശന വ്യവസ്ഥകള്‍

PRIYANKA| Last Updated: ശനി, 27 ഓഗസ്റ്റ് 2016 (13:57 IST)

മീന്‍കറി മുതല്‍ മീന്‍ അച്ചാറുവരെയുള്ള ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ വെറുതെയങ്ങ് വിപണിയിലേക്ക് എത്തിച്ചാല്‍ നിര്‍മ്മാതാക്കള്‍ അഴി എണ്ണേണ്ടി വരും. മുള്ളുപാടില്ല, ചീഞ്ഞതാവരുത്, ദുര്‍ഗന്ധമരുത്, ഉപ്പ് അധികമാകരുത് തുടങ്ങി മീന്‍ കറി, മീന്‍അച്ചാര്‍, മീന്‍പൊടി, ഉണക്കമീന്‍, ശീതീകരിച്ച മീന്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്ക് നിര്‍മ്മാതാക്കള്‍ പാലിക്കേണ്ടത് കര്‍ശന നിര്‍ദ്ദേശങ്ങളാണ്.

പായക്കറ്റില്‍ 60 ശതമാനമെങ്കിലും മീനായിരിക്കണമെന്നു ഭക്ഷ്യ സുരക്ഷാ അതോറിറ്റി(എഫ്എസ്എസ്എഐ) പുറത്തിറക്കിയ കരടു വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നു. 2011ലെ ഭക്ഷ്യോല്‍പന്ന ചട്ടങ്ങളുടെ ഭാഗമായുള്ളതാണു ശീതികരിച്ചതും അല്ലാതെയും പല രൂപത്തിലും തരത്തിലും വില്‍പ്പനയ്‌ക്കെത്തുന്ന മീനിന്റെ നിലവാരം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍.

പൊതുവായി ഉറപ്പാക്കേണ്ടത്

ഭക്ഷ്യയോഗ്യമായ മീന്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
അനുവദനീയമായ പദാര്‍ത്ഥങ്ങള്‍, അനുവദനീയമായ അളവില്‍ മാത്രം ഉപയോഗിക്കുക.
ശീതികരിക്കാനും പാകം ചെയ്യാനും നല്ല വെള്ളം ഉറപ്പാക്കുക
വൃത്തിയായ സാഹചര്യത്തില്‍ മാത്രം പാചകം ചെയ്യുക
വിഷാംശവും മറ്റു മാലിന്യവും കലരുന്നില്ലെന്ന് ഉറപ്പാക്കുക.

ഉടനെ കഴിക്കാവുന്ന മീന്‍കറി പാക്കറ്റിലാക്കുമ്പോള്‍

മീനിന്റെ വാല്‍, ചെകിള, ചെതുമ്പല്‍, കുടല്‍ തുടങ്ങിയവ മാറ്റിയിരിക്കണം, ചെമ്മീനിന്റെ തല, കൊമ്പ്, തോട് തുടങ്ങിയവ പാടില്ല, പായ്ക്കറ്റില്‍ മീന്‍: കറി അനുപാതം 60:40 , ഉപ്പിന്റെ അളവ് പരമാവധി 2 ശതമാനം
ഞണ്ടിന്റെ ഇറച്ചി - പാകം ചെയ്യുന്നതിന് തൊട്ടു മുമ്പ് വരെ ഞണ്ടിന് ജീവനുണ്ടായിരിക്കണം

ശീതികരിച്ച മീന്‍

വില്‍പ്പനയുടെ എല്ലാ ഘട്ടത്തിലും നിശ്ചിത ശീതികരണം ഉറപ്പാക്കുക. പൂമീന്‍, കണമ്പ്, വറ്റ, വട്ടപ്പാര, ചൂര, അയല, നെയ്മീന്‍, മാച്ചാന്‍, ആവോലി, തുടങ്ങിയ ഇനങ്ങളില്‍ ഒരു കിലോയില്‍ 100 മില്ലി ഗ്രാം എന്ന തോതില്‍ മാത്രമേ ഹിസ്റ്റ മീന്‍ സാന്നിധ്യം പാടുള്ളു. പലതരം മീനുകള്‍ കൂട്ടിക്കുഴിച്ചു മീന്‍ കഷണങ്ങള്‍ പായ്ക്കിംഗ് പാടില്ല.
മീന്‍ കഷണങ്ങളില്‍ തീരെ ചെറിയതരം മുള്ളുപോലും പാടില്ല.

പുകച്ചും അല്ലതെയും ഉണക്കുന്ന മീന്‍

രാസവസ്തുക്കള്‍, പെയിന്റ് തുടങ്ങിയവ പുരണ്ടതും വിഷാംശമുള്ളതുമായ തടിയും ചെടികളും മറ്റും ഉപയോഗിച്ചു മീന്‍ പുകയ്ക്കരുത്. ഉണക്കുന്നതിനു മുമ്പും പാകം ചെയ്തതിന് മുമ്പും പാകം ചെയ്ത് കഴിക്കാവുന്ന ഗുണ നിലവാരം ഉള്ള മീന്‍ മാത്രമേ ഉപയോഗിക്കാവു. ഉണക്കച്ചെമ്മീന്‍- ഒരു പാക്കറ്റില്‍ പൊടിഞ്ഞതും ഒടിഞ്ഞതുമായ ചെമ്മീന്‍ പരമാവധി രണ്ടെണ്ണം മാത്രം.

മീന്‍ അച്ചാര്‍, മീന്‍പൊടി

അച്ചാറിന്റെ അളവിന്റെ 40 ശതമാനം മാത്രം ദ്രവരൂപത്തില്‍. കുപ്പിപ്പാത്രങ്ങളിലോ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാവുന്ന പോളിത്തീന്‍ പായ്ക്കറ്റുകളിലോ മാത്രം ലഭ്യമാക്കുക. എണ്ണമയമില്ലാത്ത മീനുകളാണു പൊടിക്കാവുന്നത്. പൊടിയില്‍ കൂര്‍ത്ത മുള്ളും എല്ലും പാടില്ല. ഉണങ്ങിയ മീനിന്റെ മണം ഉണ്ടാവണം. പാകം ചെയ്യുമ്പോള്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കരുത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :