ചുവപ്പ്‌ കടലായി മുംബൈ, നാളെ മഹാരാഷ്ട്ര നിയമസഭ വളയും; കർഷക പ്രക്ഷോഭത്തിൽ ഞെട്ടി ബിജെപി

ത്രിപുരയുടെ വിജയത്തിൽ മതിമറന്ന ബിജെപി ഇത് പ്രതീക്ഷിച്ചില്ല?

സുമീഷ്| Last Modified ഞായര്‍, 11 മാര്‍ച്ച് 2018 (13:54 IST)
കർഷക കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷിഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന മഹാ റാലി മുംബൈ അതിര്‍ത്തിയിലെത്തി. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് കൂറ്റൻ റാലിക്ക് നേതൃത്വം നൽകുന്നത്.

നിയമസഭയില്‍ ബജറ്റ് സമ്മേളനം നടന്നുവരുന്ന സാഹചര്യത്തിൽ നാളെ മഹാരാഷ്ട്ര നിയമസഭ വളയാനാണ് കര്‍ഷകർ ലക്ഷ്യമിടുന്നത്. എന്നാൽ കർഷകർ നിയമസഭാ പരിസരത്തേക്ക് എത്താൻ പാടില്ലെന്ന കർശ്ശന നിർദേശം സർക്കാർ പൊലീസിനു നൽകി കഴിഞ്ഞു. അതിനാൽ സമരക്കാരെ പൊലീസ് ആസാദ് മൈതാനത്തേക്ക് വഴിതിരിച്ചു വിട്ടേക്കും. എന്നാൽ സമരക്കാർ ഇതിനു തയ്യാറായില്ലെങ്കിൽ ഒരുപക്ഷേ സമരം സംഘർഷത്തിലേക്ക് നീങ്ങിയേക്കും.

മുംബൈ നഗരത്തിൽ നിന്ന് 200 കിലോ മീറ്റര്‍ അകലെ നാസികില്‍ നിന്നുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച റാലിക്ക് തുടക്കമായത്. 50,000ത്തിലധികം പേര്‍ ഇപ്പോൾതന്നെ റാലിയില്‍ അണിനിരന്നിട്ടുണ്ട്. റലി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആദിവാസികൾ ഉൾപ്പെടെ സമരത്തിൽ പങ്കുചേരാൻ എത്തിച്ചേരുകയായിരുന്നു. റാലി മുംബൈയില്‍ എത്തുമ്പോഴേക്കും സമരക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് അഖില്‍ ഭാരതീയ കിസാന്‍ സഭയുടെ കൺക്കുകൂട്ടൽ.

തിരക്കേറിയ ദിവസമായ തിങ്കളാഴ്ച്ചയാണ് റാലി മുംബൈ നഗരത്തിലെത്തിച്ചേരുക. ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് ട്രാഫിക് പരിഷ്കരണങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ശക്തമായ പൊലീസ് സന്നാഹത്തോടെ സമരത്തെ നേരിടാനൊരുങ്ങുകയാണ് മുംബൈ പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :