ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു; സംഗീതപരിപാടിയുമായി ഗുലാം അലി ഡല്‍ഹിയില്‍ എത്തും

ന്യൂഡല്‍ഹി| JOYS JOY| Last Updated: വെള്ളി, 9 ഒക്‌ടോബര്‍ 2015 (12:35 IST)
പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ എത്തി സംഗീതപരിപാടി അവതരിപ്പിക്കും. കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് ഡല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാന്‍ ഗുലാം അലി സമ്മതമറിയിച്ചത്.

ഗുലാം അലിയുടെ വീട്ടിലെത്തിയായിരുന്നു കെജ്‌രിവാള്‍ അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഗുലാം അലിക്ക് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗൂലാം അലിയെ ക്ഷണിച്ചിരുന്നു.

അന്തരിച്ച പ്രശസ്ത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗിനുള്ള സ്മരണാഞ്ജലിയായി വെള്ളിയാഴ്ച മുംബൈയില്‍ ഗുലാം അലിയുടെ പരിപാടി നിശ്ചയിച്ചിരുന്നു. എന്നാല്‍, കച്ചേരി തടയുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. വെള്ളിയാഴ്ച മുംബൈ മാട്ടുംഗയിലെ ഷണ്മുഖാനന്ദ ഹാളില്‍ സംഗീതപരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനുമായി യാതൊരു തരത്തിലുള്ള
സാംസ്‌കാരിക ബന്ധത്തിനും തയ്യാറല്ലെന്നു പറഞ്ഞായിരുന്നു ഗുലാം അലിയുടെ പരിപാടി തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :