അവർ തെരുവിലാണ്, നമ്മൾ കഴിക്കുന്ന ഓരോ വറ്റിലും അവരുണ്ട്!

വെല്ലുവിളികള്‍ ഉയര്‍ത്താതെ, ആരേയും ആക്രമിക്കാതെ അവര്‍ നടക്കുകയാണ്...

അപര്‍ണ| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (09:17 IST)
മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി എഴുത്തുകാരി ദീപ നിശാന്ത്. രാജ്യത്തിന്റെ നട്ടെല്ലായ ഉൽപാദകവിഭാഗം അടിസ്ഥാന ആവശ്യങ്ങൾക്കായി നടത്തുന്ന സമരം ഇപ്പോഴും വേണ്ടത്ര ചർച്ചയായിട്ടില്ല. കർഷകരോടുള്ള ഈ അവഗണനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് ദീപ പ്രതികരിച്ചിരിക്കുന്നത്.

ദീപയുടെ കുറിപ്പിന്റെ പൂര്‍ണ‌രൂപം:

അജയ്യമായ ഇച്ഛാശക്തിയാൽ മുന്നേറുന്ന ചില മനുഷ്യർക്ക് നമ്മളാരും മാർഗ്ഗദർശിയാകേണ്ടതില്ല. നൈരാശ്യം നിറഞ്ഞ ഒരു കൂട്ടം തെരുവിലേക്കിറങ്ങിയിരിക്കുകയാണ്. അവർ അക്രമാസക്തരാകുന്നില്ല. നമുക്കു നേരെ വെല്ലുവിളികളുയർത്തുന്നില്ല. അവർ നടക്കുകയാണ്. ..

നിങ്ങൾ കൊടുത്ത ചെരുപ്പിൻ്റെ അളവിനനുസരിച്ച് സ്വന്തം പാദം മുറിച്ചു കളഞ്ഞ് അതിലേക്ക് ഒതുങ്ങിക്കൂടിയവരാണവർ. വലിച്ചു നീട്ടിയും ചെത്തി മുറിച്ചും അളവു ശരിയാക്കുന്ന നിങ്ങളുടെ പ്രോക്രൂസ്റ്റിയൻ കട്ടിലുകളിൽ നിന്നും അവരെണീറ്റു കഴിഞ്ഞു..

കഷ്ടപ്പാടിന്റെയും ചോരയുടെയും കഥകളാണ് ബോംബെയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റേത്. ഒരുമിച്ച് നിന്നതിന്, തങ്ങളുണ്ടാക്കുന്നതിൽ ഒരു ഭാഗം ചോദിച്ചതിന്, നിന്ദ്യമായ രീതികളിൽ കൊല്ലപ്പെട്ട മനുഷ്യർ.....സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളിസമരങ്ങൾ തുടങ്ങിയത് ബോംബെയിലായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ആ തുടർച്ച ഏറ്റെടുത്തു. തൊഴിലാളി നേതാക്കൾ വ്യാപകമായി കൊല്ലപ്പെട്ടു.

അത് ബോംബെയിലെ വ്യവസായത്തൊഴിലാളികളുടെ കാര്യം. ഗ്രാമീണമഹാരാഷ്ട്ര എല്ലാക്കാലത്തും കഷ്ടപ്പാടിന്റേതായിരുന്നു. ഒരിക്കലും ആരും തിരിഞ്ഞുനോക്കാത്ത മനുഷ്യർ. കൃഷിക്കാരും കർഷകത്തൊഴിലാളികളും ഇതിനെയെല്ലാം പൊതിയുന്ന ഏറ്റവും കടുത്ത മഹാരാഷ്ട്രീയൻ ജാതിവ്യവസ്ഥയും! ഇക്കാലമത്രയും അവർ ആത്മഹത്യ ചെയ്ത് ശീലിച്ചു. ഇപ്പോളതാ അവർ ചോദിക്കുന്നു. വിഹിതമല്ല, അതിജീവനം!

കോർപ്പറേറ്റുകൾ രാജ്യം കൊള്ളയടിക്കുമ്പോൾ, ലാഭമുണ്ടാവുമ്പോഴൊക്കെ അത് സ്വകാര്യവും നഷ്ടമുണ്ടാവുമ്പോഴൊക്കെ അത് പൊതുചിലവും ആകുമ്പോൾ, ആ മനുഷ്യർ ചോദിക്കുന്നത് തങ്ങളുടെ കടലാസുകമ്പനികൾ പൂട്ടി അവയുടെ പേരിൽ എടുത്ത് പൂഴ്ത്തിയ അളവറ്റ വായ്പകൾ എഴുതിത്തള്ളാനല്ല. പകലന്തിയോളം പണിയെടുത്തിട്ടും സർക്കാരിന്റെ നയങ്ങൾ മൂലം ഭക്ഷണമോ വിദ്യാഭ്യാസമോ ഇല്ലാതെ, വിളനാശത്തിന് സംരക്ഷണമില്ലാതെ, ജാതീയതയുടെയും ഭൂപ്രഭുക്കന്മാരുടെയും പലിശക്കാരുടെയും എല്ലാം പീഡനത്തിന് വിധേയമായി, പലപ്പോഴും സ്വന്തം ഭൂമിയിൽ നിന്നും ഉള്ള കൊച്ചുകൂരകളിൽ നിന്നും കുടിയിറക്കപ്പെട്ട് തെരുവിലും തുണ്ടുഭൂമികളിലേക്കും ചുരുങ്ങിയ മനുഷ്യരാണവർ.

അവർ പഴയപോലെ ആത്മഹത്യ ചെയ്യാൻ തയ്യാറല്ല. ഒന്നാമത് അവരൊരു രാഷ്ട്രീയനേതൃത്വത്തിന്റെ കുടയിലാണിത്തവണ. കമ്യൂണിസ്റ്റ് പാർട്ടിയുടെ. അതിന്റെ ആത്മവിശ്വാസം അവരുടെ ഓരോ ചുവടിലും കാണാം.

അവർ തെരുവിലാണ്..നമ്മൾ കഴിക്കുന്ന ഓരോ വറ്റിലും അവരുണ്ട്.. ആ മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നിൽ നിങ്ങൾ തോറ്റു കഴിഞ്ഞിരിക്കുന്നു! ചരിത്രത്തിൽ എന്നേക്കുമായുള്ള തോൽവി... ആ യാത്ര തന്നെ ഒരു വിജയമാണ്.. ചരിത്രത്തിലേക്കാണ് ആ യാത്ര! 'ഗംഗാജലത്തിലല്ല പുണ്യമിരിക്കുന്നത്.. ഗംഗയിലേക്കുള്ള യാത്രയിലാണ് ' എന്ന് നിങ്ങൾ തന്നെ ആവർത്തിക്കാറില്ലേ? അതുപോലെ,അരിവാളിൻ്റേയും ചുറ്റികയുടേയും അടയാളമുള്ള ആ പതാക പിടിച്ച് അവർ നീങ്ങുമ്പോൾ രാജ്യത്താകമാനം ഒരു പ്രകൃതിക്ഷോഭം പോലെ ഈ സമരം പടർന്നു പിടിക്കും. അധികാരപീഠങ്ങളിലെ 'ആകാശകുസുമ' ങ്ങൾക്ക് ഇടിമുഴക്കം പോലെ താക്കീതു നൽകിക്കൊണ്ട് അവരുടെ ശബ്ദമുയരും! 'ജനഗണമംഗളദായക 'ന്മാർക്ക് അവരെ ഒരു തിയേറ്ററിലും അറ്റൻഷനായി നിർത്താനാകില്ല!

കെ.പി.ജി.യുടെ പഴയ മാർച്ചിംഗ് സോംഗ് ഓർമ്മ വരുന്നു:

" അണയുവിനണയുവിനായിരലക്ഷം അണിചേർന്നുടനടി മുന്നോട്ടണവിൻ!

നമ്മെ നയിക്കുംചോപ്പു ഭടന്മാർ;
നാമൊരുമിച്ചു ജയക്കൊടി നാട്ടും!

ഇന്നാണുലകിലെ മർദ്ദിത ജനതതി-
യൊന്നായ് നിന്നടരാടുവതാദ്യം

ഒന്നുകിലിന്നീ ഫാസിസവർഗ്ഗം
മന്നിലുടഞ്ഞു തകർന്നേ തീരൂ;

അല്ലെന്നാലീ സമരം നമ്മുടെ -
യെല്ലാം ചുടലയിൽ വന്നേ തീരൂ ! "

ദളിതരും ന്യൂനപക്ഷങ്ങളും പാർശ്വവത്കരിക്കപ്പെടുന്ന ഒരു കെട്ട കാലമാണ്... സച്ചിദാനന്ദൻ്റെ കവിതയിലെ പഴയ ചോദ്യമില്ലേ? "പോറ്റിയുടെ കോടതിയിൽ നിന്ന് പുലയന് നീതി കിട്ടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?" എന്ന ചോദ്യം പോലൊന്ന് ഉള്ളിൽ തിളയ്ക്കുന്നുണ്ട്... നിരാഹാരസമരം നടത്തിയവരല്ല, റൂട്ട് മാർച്ച് നടത്തിയവരാണ് രാജ്യം ഭരിക്കുന്നത്.. മുഷ്ടികളല്ല, ത്രിശൂലങ്ങളാണ് അവർ വാനിലേക്കുയർത്തുന്നത്.... അഹിംസാവാദികളുടെ കയ്യിലല്ല, മനുഷ്യരെക്കൊല്ലാൻ 34 വഴികൾ നിർദ്ദേശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നവരുടെ കൈകളിലാണ് രാജ്യം! ദളിതരെന്നും ന്യൂനപക്ഷങ്ങളെന്നും കർഷകരെന്നും പൗരാവകാശമെന്നും സാമൂഹ്യനീതിയെന്നും കേൾക്കുമ്പോഴേക്കും വിറളി പിടിക്കുന്നവരാണ്... അവരുടെ അടുത്താണ് സമരം !! സമ്പൂർണ്ണ പശുക്ഷേമരാഷ്ട്രത്തിൽ മനുഷ്യർ കളത്തിനു വെളിയിലാണ്!

എന്നാലും ആ നടത്തം നിങ്ങളുടെ കസേരകളെ ഉലയ്ക്കും... ആ വിണ്ടു കീറിയ പാദങ്ങൾ കുറേക്കാലത്തേക്ക് നിങ്ങളുടെ ഉറക്കം കെടുത്തും... അതുമതി!

ഉന്നതമായ ശിരസ്സോടെ.... നിർഭയമായ മനസ്സോടെ അവർ നടക്കട്ടെ!

ഐക്യത്തിൻ്റെ കത്തിജ്ജ്വലിക്കുന്ന തീപ്പന്തം അവരുടെ കൈകളിലുണ്ട്..

"വന്മദം കലരുന്നൊരുന്നതനക്ഷത്രമേ....

വെമ്പുക! വിളറുക! വിറകൊള്ളുക !! "

സ്വതന്ത്രഭാരത നൂതന ചരിതം സ്വന്തം ചോരയിലെഴുതുന്നവരേ....

അഭിവാദ്യങ്ങൾ !!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :