സ്വാധീനിച്ചത് ഹഫീസ് സയീദ്, ദാവൂദ് ഗിലാനി എന്ന പേര് ഡേവിഡ് ഹെഡ്‌ലി എന്നാക്കി മാറ്റിയത് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി; ഭീകരാക്രമണത്തിനു മുമ്പ് മുംബൈ സന്ദര്‍ശിച്ചത് ഏഴ് തവണയെന്നും ഹെഡ്‌ലി

മുംബൈ| JOYS JOY| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (14:39 IST)
നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിയെടുപ്പ് പുരോഗമിക്കുന്നു. ഹഫീസ് സയീദിന്റെ സ്വാധീനത്തിലാണ് താന്‍ ലഷ്‌കര്‍-ഇ-തൊയ്‌ബയില്‍ ചേര്‍ന്നതെന്ന് ഡേവിഡ് ഹെഡ്‌ലി മുംബൈ ടാഡ കോടതിയില്‍ മൊഴി നല്കവേ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് ഹെഡ്‌ലി മൊഴി നല്കുന്നത്.

2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍ ആയിരുന്നു ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ദാവൂദ് ഗിലാനി എന്ന തന്റെ പേര് ലഷ്‌കറില്‍ ചേര്‍ന്നതിനു ശേഷമാണ് ഡേവിഡ് ഹെഡ്‌ലി എന്നാക്കി മാറ്റിയതെന്നും 2008, നവംബര്‍ 26ലെ ഭീകരാക്രമണത്തിനു മുമ്പ് ഏഴു തവണ മുംബൈ സന്ദര്‍ശിച്ചിരുന്നെന്നും ഹെഡ്‌ലി വ്യക്തമാക്കി.

നവംബര്‍ 26ലെ (2008‌) ഭീകരാക്രമണത്തിനു മുമ്പ് രണ്ടു തവണ മുംബൈ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഭീകരവാദികള്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നെന്നും ഹെഡ്‌ലി നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ലഷ്‌കര്‍-ഇ-തൊയ്‌ബ 2008 സെപ്തംബറിലും ഒക്‌ടോബറിലും ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്, 2008 നവംബര്‍ 26ന് നടത്തിയ മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു.

ഹഫീസ് സയീദിന്റെ സ്വാധീനത്തോടെ ലഷ്‌കറില്‍ ചേര്‍ന്നതിനു ശേഷം 2002ല്‍ മുസാഫര്‍ബാദില്‍ വെച്ചാണ് ആദ്യമായി സയീദിന്റെ ക്ലാസില്‍ പങ്കെടുത്തതെന്നും ഹെഡ്‌ലി പറഞ്ഞു. നിലവില്‍ 35 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഹെഡ്‌ലി അമേരിക്കയില്‍ ജയിലില്‍ കഴിയുകയാണ്. അമേരിക്കന്‍ പൌരന്‍ എന്ന ലേബല്‍ വേണമെന്നതിനാലാണ് ദാവൂദ് ഗിലാനി എന്ന പേര് ഡേവിഡ് ഹെഡ്‌ലി എന്നാക്കി മാറ്റിയത്. ഇന്ത്യയിലേക്കുള്ള പ്രവേശനം ഇത് എളുപ്പമാക്കിയെന്നും ഹെഡ്‌ലി മൊഴിയില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :