36,000 കോടിയുടെ കുംഭകോണത്തില്‍ ഛത്തിസ് ഗഡ് സര്‍ക്കാരും ആര്‍‌എസ്‌എസും കുരുങ്ങുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ഞായര്‍, 5 ജൂലൈ 2015 (10:00 IST)
പൊതുവിതരണ സമ്പ്രദായത്തിലൂടെ അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന റേഷനരി കുംഭകോണത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗിനും കുടുംബത്തിനും പുറമെ കോഴപ്പണം നാഗ്പൂരിലെ ആര്‍‌എസ്‌എസ് ആസ്ഥാനത്തും എത്തിയതായി ആരോപണം. 36,000 കോടി രൂപയുടെ കുംഭകോണമാണ് ഛത്തീസ് ഗഡില്‍ ഉയര്‍ന്നിരിക്കുന്നത്.

പൊതുവിതരണസമ്പ്രദായത്തിലൂടെ ഒരു രൂപയ്ക്ക് അരിനല്‍കുന്ന പദ്ധതിയില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫിബ്രവരിയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ 36 ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തു. റെയ്ഡില്‍ കുംഭകോണത്തില്‍ ലാഭമുണ്ടാക്കിയവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡയറി പുറത്തുവന്ന പശ്ചാത്തലത്തിലാണ് രമണ്‍സിങ്ങിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തുവന്നത്.

11 വര്‍ഷത്തെ ഭരണത്തിനിടെ 1.5 ലക്ഷം കോടി രൂപയുടെ ധാന്യസംഭരണം നടത്തിയ സര്‍ക്കാര്‍ മില്‍ ഉടമകളുടേയും റേഷന്‍ കടക്കാരുടേയും ശൃംഖല വഴി വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. കേസില്‍ 12 സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍ നിന്ന് കഴിഞ്ജ്ന ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് 16 കോടി വീതം ഡല്‍ഹിയിലേക്കും നാഗ്പൂരിലേക്കും നല്‍കിയതായി വിവരങ്ങളുണ്ട്. ഇത് ഡല്‍ഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്തും നാഗ്പൂരിലെ ആര്‍‌എസ്‌എസ് ആസ്ഥാനത്തേക്കും കൊടുത്തതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കുംഭകോണമെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന റേഷന്‍ അഴിമതിയുടെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും അന്വേഷണം സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. ഡയറികളില്‍ മുഖ്യമന്ത്രി രമണ്‍ സിങിനും ഭാര്യയ്ക്കും സഹോദര ഭാര്യയ്ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുണ്ടെന്നും എന്നാല്‍ പോലീസ് കോടതിയില്‍ നല്‍കിയ വിവരങ്ങളില്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒഴിവാക്കിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :