ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരത്തിന് കോടികളുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (13:11 IST)
രാജ്യത്ത് ക്രൂഡ് ഓയിലിന്റെ കരുതല്‍ ശേഖരത്തിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള മംഗലാപുരം, പാഡൂര്‍, ഒഡീഷയിലെ ചാന്ദിക്കോള്‍, രാജസ്ഥാനിലെ ബിക്കനീര്‍, ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ എണ്ണയുടെ കരുതല്‍ സംഭരണ കേന്ദ്രം ഒരുക്കുന്നത്. 4948 കോടി രൂപയാണ് ഇതിനായി ചെലവ് വരിക.2006ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. പിന്നീട് ഇത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു.


5.33 മില്യന്‍ മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണ് സംഭരണ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയ്ക്ക് കരുതലായി സൂക്ഷിക്കാനാകുക. വിശാഖപട്ടണത്തിന്റെ കിഴക്കന്‍ തുറമുഖത്ത് ഭൂഗര്‍ഭ അറ നിര്‍മ്മിച്ചാണ് എണ്ണ കരുതല്‍ ശേഖരമായി സൂക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുന്നത്. പാറ തുരന്ന് നിലവറയൊരുക്കി ഭൂമിക്കടിയിലൂടെ പൈപ്പുകളിട്ട് അത്യാധുനിക സംവിധാനത്തോടെയാണ് പദ്ധതി പ്രവര്‍ത്തികമാക്കുക.

1.33 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണ ഈ ഭൂഗര്‍ഭ അറയില്‍ സൂക്ഷിക്കാനാവും. 1,29,221 ട്രക്കുകളിലെ ടാങ്കറില്‍ നിറയ്ക്കാനാവുന്നതിന് തുല്യമാണിത്.ഭൂഗര്‍ഭ അറയുമായി ബന്ധിപ്പിക്കുന്ന പൈപ്പുകള്‍ വഴിയാണ് ഇതിലേക്ക് എണ്ണ എത്തിക്കുക. ലോകത്ത് എണ്ണയുടെ കരുതല്‍ ശേഖരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യം അമേരിക്കയാണ്. 95 മില്യന്‍ മെട്രിക് ടണ്ണാണ് അമേരിക്കയുടെ എണ്ണ കരുതല്‍ ശേഖരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :