തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 6 നവംബര്‍ 2019 (10:52 IST)
പുലർച്ചെ വീടിനകത്ത് കയറിയ
മുതല വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. രാത്രി ഏകദേശം 1 മണി അടുപ്പിച്ച് വീട്ടിനകത്ത് നിന്ന് തട്ടും മുട്ടും കേക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ ഉറക്കമെഴുന്നേറ്റത്. ആദ്യം പൂച്ചയോ മറ്റോ ആകുമെന്ന് കരുതി കാര്യമാക്കിയില്ല.
എന്നാൽ ഏറെ നേരമായിട്ടും ബഹളം നിൽക്കാതെ വന്നപ്പോഴാണ് വീട്ടുകാർ ശബ്ദം കേട്ടയിടത്തേക്ക് പോയി നോക്കിയത്. വീട്ടിനകത്തെ ശുചിമുറിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഒരു മൂലയിൽ എന്തോ അനക്കം കണ്ടെത്തി. വെളിച്ചമടിച്ച് നോക്കിയ വീട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി.
വെളിച്ചം കണ്ട നിമിഷം തൊട്ട്, മുതല കൂടുതൽ പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടിനടക്കാൻ തുടങ്ങി. വീട്ടുടമ പെട്ടന്ന് തന്നെ മുതല കുടുങ്ങിയ മുറിയുടെ വാതിൽ പുറത്ത് നിന്ന് അടച്ചു. തുടർന്ന് തൊട്ടടുത്തുള്ള വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
നാലര അടിയോളം വലിപ്പുമുള്ള മുതലയായിരുന്നു അത്. അക്രമാസക്തമായ നിലയിലായിരുന്നു മുതലയെ വനപാലകർ വീട്ടിൽ കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് സംഘം മുതലയെ പിടികൂടിയത്.