നേരം വെളുത്തപ്പോള്‍ പള്ളി അമ്പലമായി!

അലിഗഡ്‌| VISHNU.NL| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (12:37 IST)
രാമക്ഷേത്രം പണിയണമെന്നും ഇന്ത്യ ഹിന്തു രാഷ്ട്രമാണെന്നും സംഘപരിവാര്‍ പ്രസ്താവിച്ച ദിവസങ്ങള്‍ക്കുള്ളില്‍ അലിഗഡിലെ ക്രിസ്ത്യന്‍ പള്ളി നേരം വെളുത്തപ്പോള്‍ ശിവക്ഷേത്രമായി മാറി. അലിഗഡ്‌ അസ്രോയിയിലെ സെവന്‍ത്ത്‌ഡേ അഡ്‌വെന്റിസ്‌റ്റ് എന്ന ക്രിസ്‌തീയ പളളിയാണ്‌ രായ്‌ക്കുരാമാനം ശിവക്ഷേത്രമാക്കി മാറ്റിയത്‌.

ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാ‍വസ്ത നിലനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പള്ളിക്കു സമീപം താമസിച്ചിരുന്ന ദളിത ആദിവാസികളായ ക്രിസ്ത്യാനികള്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിനു പിന്നാലെയാണ് പള്ളി അമ്പലമായി മറിയത്.

1995 ക്രിസ്തുമതം സ്വീകരിച്ചവരുടെ കുടുംബങ്ങളാണ് ഇത്തരത്തില്‍ തിരികെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. 72 പേരോളം ഹിന്ദുമതത്തിലെത്തിയതായാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹിന്ദു സംഘടനകള്‍ അവകാശപ്പെടുന്നത്.

ചൊവ്വാഴ്‌ച ഹിന്ദു സംഘടനകള്‍ ചേര്‍ന്ന്‌ പള്ളിയില്‍ സ്‌ഥാപിച്ചിരുന്ന കുരിശ്‌ പുറത്തെറിയുകയും പള്ളിക്കുള്ളില്‍ ശുദ്ധികലശം നടത്തി ശിവന്റെ ചിത്രം പ്രതിഷ്‌ഠിക്കുകയും ചെയ്‌തിരുന്നു. ഗേറ്റിലും ശിവന്റെ ചിത്രം പതിച്ചിട്ടുണ്ട്‌. ദലിത്‌-ആദിവാസി വിഭാഗത്തില്‍ പെടുന്ന ഈ കുടുംബങ്ങളുടെ പഴയ മതത്തിലേക്കുള്ള മടക്കത്തെ 'തറവാട്ടിലേക്ക്‌ മടക്കം' എന്നാണ്‌ ഹിന്ദു സംഘടനകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.

എന്നാല്‍ മതം മാറിയിട്ടും തങ്ങളുടെ അവസ്തയില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ലെന്നും പഴയ അവസ്തയില്‍ തന്നെയാണ് ഞങ്ങളിപ്പൊഴുമെന്നും അതിനാലാണ് തിരികെയെത്തിയതെന്നും മതം മാറിയാവര്‍ പറയുന്നു. അതേ സമയം പള്ളിയില്‍ അതിക്രമിച്ച് കയറി ശിദ്ധികലശം നടത്തിയതിനെ ക്രിസ്ത്യ മിഷണറിമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും അവര്‍ പറയുന്നു. അതേസമയം പുതിയ സംഭവവികാസങ്ങള്‍ സ്‌ഥലത്ത്‌ സംഘര്‍ഷം പുകയുന്നതിന്‌ കാരണമായിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :